മൂവാറ്റുപുഴ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം ലഭിച്ചില്ലെന്ന് പരാതി. മുടവൂർ സ്വദേശിനിയായ വീട്ടമ്മയാണ് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്. 55000 രൂപ നൽകിയാൽ ബാക്കി സി.എസ്.ആർ ഫണ്ടും ഉപയോഗിച്ച് ഇരുചക്രവാഹനം നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയത്.
കഴിഞ്ഞ ഏപ്രിലിൽ പണം വാങ്ങിയിട്ട് ഇതുവരെ വാഹനം നൽകിയിട്ടില്ലെന്ന് കാണിച്ചായിരുന്നു പരാതി നൽകിയിരിക്കുന്നത്. എന്നാൽ, വീട്ടമ്മയുടെ പരാതിയെ തുടർന്ന്പണം വാങ്ങിയ 40 പേരുടെ പണം തിരിച്ചുനൽകാൻ നടപടി സ്വീകരിച്ചതായി പറയുന്നുണ്ട്. തിങ്കളാഴ്ച പണം മടക്കി നൽകുമെന്നാണ് പറയുന്നത്.
മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പണം വാങ്ങിയിരുന്നത്. പകുതി വിലയ്ക്ക് ഇരുചക്രവാഹനവും മറ്റു ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നുവെന്ന് മൂവാറ്റുപുഴ സ്വദേശിനി കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതിന് നേതൃത്വം നൽകുന്നയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു.
ഇതോടെ വാഹനത്തിനായി പണം കൊടുത്തവർ രംഗത്തുവന്നെങ്കിലും രണ്ടാഴ്ചക്കകം വാഹനം നൽകാമെന്ന് പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുകയായിരുന്നു. എന്നാൽ 20 ദിവസം കഴിഞ്ഞിട്ടും വാഹനം കിട്ടാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.