കൊച്ചി: നാടൊട്ടുക്കും പകർച്ചപ്പനിയടക്കമുളള രോഗങ്ങൾ വ്യാപകമാകുകയാണ്. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി ആയിരങ്ങളാണ് ദിവസേന എത്തുന്നത്. ജില്ലയിൽ ഒരു ജില്ല ആശുപത്രിയും രണ്ട് ജനറൽ ആശുപത്രിയുമടക്കം നിരവധി സർക്കാർ ആശുപത്രികളുണ്ട്. കെട്ടിടങ്ങളടക്കമുളള സൗകര്യങ്ങളുളളപ്പോഴും ഡോക്ടർമാരടക്കമുളള ജീവനക്കാരുടെ കുറവ് പലയിടങ്ങളിലും തിരിച്ചടിയാകുകയാണ്.
കൂടുതൽ ജനങ്ങളാശ്രയിക്കുന്ന ജനറൽ മെഡിസിൻ, പീഡിയാട്രിക്, സർജറി, ഗൈനക്കോളജി വിഭാഗങ്ങളിലാണ് ഈ കുറവ്. സ്പെഷാലിറ്റി വിഭാഗങ്ങൾ നേരത്തെ തന്നെ സർക്കാർ മേഖലയിൽ കുറവാണ്. ഇത്തരം പരിമിതികൾ ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിക്കുന്നത്.
മട്ടാഞ്ചേരി: പടിഞ്ഞാറൻ കൊച്ചി മേഖലയിൽ സർക്കാർ ആശുപത്രികൾക്ക് കുറവൊന്നുമില്ല. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്തതാണ് പ്രശ്നം. ഫോർട്ടുകൊച്ചി താലുക്ക് ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രി, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പള്ളുരുത്തി സർക്കാർ ആശുപത്രി എന്നീ നാല് പ്രധാന ആശുപത്രികൾക്കൊപ്പം രണ്ട് ആയുർവേദ ആശുപത്രികൾ, കുമ്പളങ്ങി പ്രാഥമിക ആരോഗ്യ കേന്ദ്രം, കോർപറേഷൻ മേഖലയിൽ മിക്കവാറും ഡിവിഷനുകളിൽ ഹോമിയോ ഡിസ്പെൻസറികൾ ഇങ്ങനെ നീളുന്നു പട്ടിക.
സംസ്ഥാനത്തെ തന്നെ കൂടുതൽ സാധാരണക്കാർ തിങ്ങി വസിക്കുന്ന മേഖലയാണിത്. പുതിയ കെട്ടിടങ്ങൾ പണിതുയർത്തുമ്പോഴും അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാരിന് കഴിയുന്നില്ല. മരുന്നുകളുടെ കുറവും രോഗികളെ വലക്കുകയാണ്.
ആലുവ: ജില്ല ആശുപത്രി പദവി ലഭിച്ചെങ്കിലും അനുബന്ധ സൗകര്യങ്ങളില്ലാത്തതാണ് ആലുവയിൽ പ്രശ്നം.തിരക്കേറിയ ഇവിടെ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ല. ജില്ല ആശുപത്രിയുടെ നിലവാരം വേണമെങ്കിൽ 60 ഡോക്ടർമാരെങ്കിലും വേണം. പകുതിയോളം ഡോക്ടർമാരുടെ കുറവുണ്ട്. നഴ്സുമാരടക്കം 207 പാരാമെഡിക്കൽ ജീവനക്കാർ വേണ്ടിടത്തും കുറവുണ്ട്. ഡെപ്യൂട്ടി സൂപ്രണ്ട് (ഒന്ന്), മെഡിസിൻ - കൺസൾട്ടന്റ്/ സീനിയർ കൺസൾട്ടൻറ് (ഒന്ന്), സർജറി-കൺസൾട്ടന്റ് (ഒന്ന്), ഫോറൻസിക് മെഡിസിൻ - ജൂനിയർ കൺസൾട്ടൻറ് (ഒന്ന്), പതോളജിസ്റ്റ് / ബ്ലഡ് ബാങ്ക് ഓഫിസർ (ഒന്ന്) , റേഡിയോളജിസ്റ്റ് / സോണോളജിസ്റ്റ് (ഒന്ന്) , സീനിയർ ക്ലർക്ക്/ ക്ലർക്ക് (രണ്ട്) , സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്നും രണ്ടും (10), നഴ്സിങ് അസിസ്റ്റന്റ് (അഞ്ച്), ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് രണ്ട് (അഞ്ച്), ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (അഞ്ച്) തസ്തികകളിലാണ് കുറവ്.
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം എങ്ങുമെത്തിയില്ല. വാർഡുകൾ പലതും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനായി ആരംഭിച്ച കോവിഡ് ബ്ലോക്ക് ഇവിടെയുണ്ട്. ഇത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്തതു മൂലം ഏഴ് കോടിയോളം വില വരുന്ന ഉപകരണങ്ങളാണ് നശിക്കുന്നത്.
വൈപ്പിൻ: ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് നിത്യേന താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരുന്നത്. മണിക്കൂറോളം വരി നിന്നാൽ മാത്രമേ രോഗികൾക്ക് ഡോക്ടറെ കാണാൻ സാധിക്കുന്നുള്ളൂ. പ്രായമായവരും കുട്ടികളും ഉൾപ്പെടുന്ന രോഗികൾ മണിക്കൂറുകളോളം കാത്തു നിന്നിട്ട് ഡോക്ടറെ കാണാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ കഴിഞ്ഞ ദിവസം ധർണ നടത്തിയിരുന്നു.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പെരുമ്പാവൂരിലെ പ്രശ്നം. പുതിയ കെട്ടിടം പൂർണമായും തുറന്ന് കൊടുത്തില്ല.ടെക്നീഷ്യൻ ഇല്ലാത്തതിനാൽ മാമോഗ്രാം പ്രവർത്തിപ്പിക്കാറില്ല. അത്യാഹിത വിഭാഗത്തിലും പരാധീനതകളാണ്. ഗൈനക്കോളജി വിഭാഗത്തിലടക്കം ഡോക്ടർമാരില്ല.
ഇത് മൂലം സ്വകാര്യ ആശുപത്രികൾക്ക് സുവർണകാലമാണ്. പരിസര ശുചിത്വമില്ലാത്തതും പ്രശ്നമാണ്. മരുന്ന് സൂക്ഷിക്കുന്നതും ലാബ് പ്രവർത്തിക്കുന്നതും സുരക്ഷിത കെട്ടിടത്തിലല്ല. നൂറ്കണക്കിന് പേരാണ് ദിവസേന ഇവിടെ ചികിത്സക്കായെത്തുന്നത്.
ലക്ഷങ്ങൾ മുടക്കി നാളുകൾക്ക് മുമ്പ് നിർമിച്ച പൂർത്തീകരിച്ച ലക്ഷ്യ ഓപറേഷൻ തീയറ്റർ കം ലേബർ കോംപ്ലക്സ് തുറന്ന് നൽകാത്തതാണ് മൂവാറ്റുപുഴ ആശുപത്രിയിലെ പ്രധാന പ്രശ്നം. ഇതിനായി നടത്തിയ ഇടപെടലുകളൊന്നും വിജയം കണ്ടില്ല. ജനറേറ്റർ സ്ഥാപിക്കാത്തതാണ് തിരിച്ചടിയായത്.
ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ജനറൽ മെഡിസിനിലെ ഡോക്ടർമാർ ഇവിടെ ക്യാമ്പ് ചെയ്യാത്തതും ദുരിതമാണ്. ഇത് മൂലം ഒ.പി സമയം കഴിഞ്ഞാൽ രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. കാഷ്വാലിറ്റിയും പനി ക്ലിനിക്കും കാര്യക്ഷമമായി പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്.
അങ്കമാലി: ജീവനക്കാരുടെ കുറവ് താലൂക്കാശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളെപ്പോലും വെല്ലുന്ന സൗകര്യങ്ങളിവിടെയുണ്ട്. ഡോക്ടർമാരടക്കമുളള ജീവനക്കാരുടെ കുറവാണ് പ്രശ്നം. 24 മണിക്കൂറും ഒ.പി പ്രവർത്തിക്കുന്ന ഇവിടെ കിടത്തി ചികിത്സയുമുണ്ട്.
മാമോഗ്രാം അടക്കം സംവിധാനങ്ങളും അത്യാഹിത വിഭാഗവും കാര്യക്ഷമമാണ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ അടക്കം 14 ഡോക്ടർമാരുടെ സേവനവുമുണ്ട്. പ്രസവവാർഡ്, കുട്ടികളുടെ പരിചരണ കേന്ദ്രങ്ങൾ, ആധുനിക ഓപറേഷൻ തിയറ്റർ സംവിധാനങ്ങളുമുണ്ട്.എന്നാൽ അവയെല്ലാം പ്രവർത്തനക്ഷമമാക്കാൻ ഡോക്ടർമാരുടെ കുറവ് മൂലം സാധിക്കുന്നില്ല. ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പട്ട് നഗരസഭ നിവേദനം നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.