കൊച്ചി: പള്ളിക്കമ്മിറ്റി ഭാരവാഹിയായിരിക്കെ നടന്ന ക്രമക്കേടിന്റെ പേരിൽ കണ്ണൂരിലെ മുസ്ലിം ലീഗ് നേതാവ് കെ.പി. താഹിറിൽനിന്ന് ഒന്നരക്കോടി രൂപ തിരിച്ചുപിടിക്കണമെന്ന സംസ്ഥാന വഖഫ് ബോര്‍ഡ് ഉത്തരവ് ഹൈകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
2010-15 കാലയളവിൽ സെക്രട്ടറിയായിരിക്കെ പുറത്തില്‍ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയിൽ ഒന്നരക്കോടിയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഉത്തരവാണ് നാലാഴ്ചത്തേക്ക് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.
ഒന്നരക്കോടിയുടെ ക്രമക്കേട് നടന്നത് നേരത്തേ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. പുതിയ ഭാരവാഹികൾ നടപടി ആവശ്യപ്പെട്ട് തലശ്ശേരി സി.ജെ.എം കോടതിയെ സമീപിച്ചതോടെ വഖഫ് ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന്, പള്ളിക്കമ്മിറ്റിക്ക് നഷ്ടപ്പെട്ട ഒന്നരക്കോടി താഹിറിൽനിന്ന് ഈടാക്കാൻ ബോർഡ് ഉത്തരവിടുകയായിരുന്നു.
റവന്യൂ റിക്കവറി നടപടി സ്വീകരിക്കാൻ കണ്ണൂർ ഡിവിഷനൽ ഓഫിസറെ ചുമതലപ്പെടുത്തിയ ബോർഡ്, ക്രിമിനൽ കേസിന് നടപടി സ്വീകരിക്കാനും നിർദേശിച്ചിരുന്നു.
ഇതിനെതിരെയാണ് താഹിർ ഹൈകോടതിയെ സമീപിച്ചത്. നാലരക്കൊല്ലത്തെ വരവ് ചെലവുകള്‍ എത്രയെന്ന് പരിശോധിക്കാതെ ഒന്നരക്കോടി അപഹരിച്ചുവെന്ന് വിലയിരുത്തിയാണ് വഖഫ് ബോര്‍ഡ് തീരുമാനമുണ്ടായതെന്നും ഇക്കാലയളവിലെ ഉത്തരവിറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമായിരുന്നു ഹരജിയിലെ ആരോപണം. ഹരജി ഫയലിൽ സ്വീകരിച്ച കോടതി, സർക്കാറിന്റെ വിശദീകരണം തേടി. തുടർന്ന് ആഗസ്റ്റ് ഒന്നിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.