കൊച്ചി: കൗമാരക്കാർ മുതൽ കോളജ് വിദ്യാർഥികൾ വരെ നീളുന്ന 130ഓളം പേരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ ലഹരിയുമായി പിടിയിലായത്. പൊലീസും എക്സൈസും നടത്തിയ പരിശോധനകളിലാണ് ഇവർ കുടുങ്ങിയത്. ഇക്കൂട്ടത്തിൽ യുവതികളും അന്തർ സംസ്ഥാനക്കാരും ഏറെയുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ട് വഴി ഹൈബ്രിഡ് കഞ്ചാവ് കടത്തിയവരും ഉണ്ട്. സംസ്ഥാനത്ത് ലഹരിയധിഷ്ഠിത അതിക്രമങ്ങൾ വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കാൻ സർക്കാർ ഇരു വകുപ്പുകൾക്കും നിർദേശം നൽകിയത്.
കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയാണ് ഇക്കൂട്ടത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായത്. ഡാൻസഫ് നടത്തിയ പരിശോധനയിലാണ് ഹോസ്റ്റലിൽ നിന്ന് വൻ തോതിൽ ലഹരി പിടിച്ചെടുത്തത്. സംഭവത്തിൽ എട്ട് പേർ പിടിയിലായിട്ടുണ്ട്. കഞ്ചാവ് കേസിൽ പ്രതികളാക്കപ്പെട്ട വിദ്യാർഥികളുടെ രാഷ്ട്രീയത്തെ ചൊല്ലി വിവാദം കത്തിയതോടെ സംഭവം സംസ്ഥാന തലത്തിൽ ചർച്ചയായി.
എസ്.എഫ്.ഐയും കെ.എസ്.യുവും അവരുടെ മാതൃ സംഘടനകളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് വന്നു. എന്നാൽ എല്ലാ വിദ്യാർഥി രാഷ്ട്രീയ സംഘടനകളുമായി ബന്ധമുളളവരും പ്രതിപട്ടികയിൽ വന്നതോടെ വിവാദം തണുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് ഭാക്ഷ്യം.
ജില്ലയിൽ ഗ്രാമ നഗര ഭേദമന്യേ ലഹരി മാഫിയ സജീവമാണെന്നാണ് പിടികൂടിയ പ്രതികളിൽ നിന്നും വ്യക്തമാകുന്നത്. കൊച്ചി നഗരത്തിന് പുറമേ ഫോർട്ട് കൊച്ചി., കളമശ്ശേരി, ആലുവ, അങ്കമാലി, പറവൂർ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് അടക്കമുളള പ്രദേശങ്ങളിൽ നിന്നെല്ലാം കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരിയുമായി പ്രതികൾ വലയിലായിട്ടുണ്ട്.
ഇങ്ങനെ പിടികൂടിയവരുടെ കൂട്ടത്തിൽ രണ്ട് കൗമാരക്കാരും കിഴക്കൻ മേഖലയിലെ ഒരു കോളജിലെ വിദ്യാർഥികളും ഉൾപ്പെടുന്നുണ്ട്.വീടുകളും താമസ സ്ഥലങ്ങളും കേന്ദ്രീകരിച്ച് ലഹരിപാർട്ടികൾ നടത്തുമ്പോഴാണ് ഇവർ വലയിലായത്. ഇതോടൊപ്പം പലമേഖലകളിലും നാട്ടുകാർ തന്നെ ലഹരിമാഫിയയെ കുറിച്ച വിവരം പൊലീസിനും എക്സൈസിനും കൈമാറുന്നുണ്ട്.ഇത് വഴിയും പ്രതികൾ വലയിലാകുന്നുണ്ട്.
പരിശോധനകൾ തുടരുമ്പോഴും അന്തർ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് ലഹരി ഒഴുകുന്നതായാണ് അധികൃതരുടെ വിലയിരുത്തൽ. സംസ്ഥാനത്ത് തന്നെ അന്തർ സംസ്ഥാനക്കാർ ഏറ്റവും കൂടുതലുളള ജില്ലയെന്ന നിലയിലാണിത്,. കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരിയുമായി പിടിയിലായവരിൽ ഇരുപതോളം പേർ അന്തർ സംസ്ഥാനക്കാരാണ്.
ഇക്കൂട്ടത്തിൽ തന്നെ ഒഡിഷ, ബംഗാൾ,അസം സ്വദേശികളാണ് കൂടുതൽ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ വലിയ രീതിയിലെത്തിച്ച് ചെറു പൊതികളാക്കി ആവശ്യക്കാർക്കെത്തിക്കുകയാണിവരുടെ രീതി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.