കാക്കനാട്: ജോലി വാഗ്ദാനം ചെയ്ത് എറണാകുളം ജില്ല കലക്ടറേറ്റ് വളപ്പിനുള്ളിൽ തട്ടിപ്പ്. കൊല്ലം സ്വദേശിനിയെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. ഇതിനുള്ള അപേക്ഷ നൽകുന്നതിനെന്ന് പറഞ്ഞ് കലക്ടറേറ്റിൽ എത്തിച്ചശേഷം 15,500 രൂപ തട്ടിയെടുക്കുകയായിരുന്നു. ചോറ്റാനിക്കര സ്വദേശി ശിവ എന്നയാൾക്കെതിരെയാണ് ആരോപണം.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കൊല്ലം തിരുമല്ലവാരം സ്വദേശിനി സംഗീത എന്ന യുവതിക്കാണ് പണം നഷ്ടപ്പെട്ടത്. സംഗീതയുടെ അമ്മാവൻ മണികണ്ഠനെ ചോറ്റാനിക്കര ക്ഷേത്രത്തിൽ കണ്ടപ്പോഴായിരുന്നു ശിവ ജോലി വാഗ്ദാനം ചെയ്തത്. ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാരനാണെന്ന് വിശേഷിപ്പിച്ച ഇയാൾ താൻ 26 ദിവസത്തിനുശേഷം വിരമിക്കുമെന്നും തനിക്ക് പകരം ജോലി വാങ്ങിക്കൊടുക്കാൻ പറ്റിയ ആരെങ്കിലുമുണ്ടെങ്കിൽ അറിയിക്കണമെന്നും ചോറ്റാനിക്കര ക്ഷേത്രത്തിൽവെച്ച് പരിചയപ്പെട്ട മണികണ്ഠനോട് ആവശ്യപ്പെടുകയായിരുന്നു. മുമ്പ് പലതവണ ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ട പരിചയം ഉള്ളതിനാൽ വിശ്വാസം തോന്നിയ മണികണ്ഠൻ സംഗീതയുടെ പേര് നിർദേശിച്ചു. പ്യൂൺ തസ്തികയിലാണ് നിയമനമെന്നും മാസം 32,000 രൂപ ശമ്പളം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
ഇതിനായി എറണാകുളം, തൃശൂർ ജില്ലകളിലെ കലക്ടറേറ്റുകളിൽ പണം അടക്കണമെന്നായിരുന്നു നിർദേശം. കൊല്ലത്തുനിന്ന് രാവിലെ വൈറ്റിലയിലെത്തിയ മണികണ്ഠനെയും സംഗീതയെയും ഇയാൾ തന്നെയായിരുന്നു ബസിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ എത്തിച്ചത്. എത്താൻ വൈകിയപ്പോൾ പലതവണ വിളിച്ച് അന്വേഷിച്ചിരുന്നുവെന്ന് മണികണ്ഠൻ പറഞ്ഞു.
കലക്ടറേറ്റ് വളപ്പിലെത്തിയ ശേഷം ഇവിടെ അടക്കാനാണെന്ന് പറഞ്ഞ് 12,100 രൂപയും തൃശൂരിൽനിന്നുള്ള അപേക്ഷാഫോറത്തിനായി 2500 രൂപയും ഉൾപ്പെടെ 15,000 രൂപ വാങ്ങുകയായിരുന്നു. താൻ പോയി കാര്യങ്ങൾ ശരിയാക്കി വരാമെന്ന് പറഞ്ഞ് ഓഫിസിലേക്ക് കയറിയ ഇയാൾ, അപ്പോഴേക്കും സർട്ടിഫിക്കറ്റുകളുടെ 12 ഫോട്ടോ കോപ്പിയും അഞ്ച് പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണമെന്ന് മണികണ്ഠനോടും സംഗീതയോടും ആവശ്യപ്പെട്ടിരുന്നു.
ഫോട്ടോ കോപ്പിയുമായി തിരികെയെത്തിയ ഇരുവരും ഏറെനേരം കാത്തുനിന്നിട്ടും ഇയാളെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഇരുവരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആദ്യം ഫോൺ എടുത്ത് മുകളിലുണ്ടെന്നും ഉടൻ എത്താമെന്നുമായിരുന്നു മറുപടി. അധികം താമസിയാതെ ഫോൺ സ്വിച്ച് ഓഫ് ആയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. രണ്ട് മക്കളുടെ മാതാവാണ് ബേക്കറി തൊഴിലാളിയായ സംഗീത. ജോലി കിട്ടുമെന്ന ധാരണയിൽ കടം വാങ്ങിയ പണവുമായിട്ടായിരുന്നു എറണാകുളത്തേക്ക് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.