കാലടി: അശ്ലീല വാട്സ്ആപ് ഗ്രൂപ്പിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച അയ്യമ്പുഴചുള്ളി സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി എം.എ. ബിജുവിനെതിരെ വീണ്ടും പൊലീസ് അന്വേഷണം. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും കുടുങ്ങിയേക്കുമെന്ന് സൂചന. റൂറൽ എസ്.പിയുടെ നിർദേശപ്രകാരം ആലുവ ക്രൈം റെക്കോഡ്സ് ബ്യൂറോ (ഡി.സി.ആർ.ബി) വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ബിജുവിനെതിരെ പെൺകുട്ടികളുടെ വീട്ടുകാർ അയ്യമ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. സെപ്റ്റംബറിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഇയാളെ നീക്കുകയും പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. വിദേശത്തുനിന്ന് അടക്കമുള്ളവർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ മറ്റുള്ളവർ ആരാണന്ന് അറിയില്ലെന്നും അഡ്മിൻമാരുടെ നിർദേശമനുസരിച്ചാണ് ബസ് സ്റ്റോപ്പിലും മറ്റും നിൽക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അവർ അറിയാതെ പകർത്തി മുഖംകാണിക്കാതെ ഗ്രൂപ്പിൽ ഇട്ടിരുന്നത് എന്നും ബിജു പൊലീസിനോട് സമ്മതിച്ചിരുന്നു.
യാദൃശ്ചികമായി ഗ്രൂപ്പിൽ കയറിപ്പറ്റിയ പ്രദേശവാസിയാണ് നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ ഉള്ളതായി കണ്ടെത്തിയത്. ഇതേ തുടർന്നാണ് ചുള്ളി ഭാഗത്തുള്ളവർ പരാതി നൽകിയത്. പരാതി കിട്ടിയിരുന്നതായും ബിജുവിനെതിരെ കേസെടുത്തിരുന്നതായും അയ്യമ്പുഴ എസ്.എച്ച്.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.