കാലടി: ഒരുക്കങ്ങൾ പൂർത്തിയായിട്ടും രണ്ടാം തവണയും മന്ത്രി എത്തിയില്ല. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഉദ്ഘാടന ചടങ്ങുകൾ വീണ്ടും മാറ്റിെവച്ചു.
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച നൂറ് ദിന കർമപരിപാടികളുടെ സംസ്കൃത സർവകലാശാലയിലെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടൊപ്പം കൂടിയാട്ടം ഡിജിറ്റലൈസേഷൻ, ക്രിയേറ്റീവ് ലിറ്ററേച്ചർ െഡവലപ്മെന്റ് ഇൻ സാൻസ്ക്രിറ്റ്, സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന സെൻ്റർ ഫോർ അക്കാദമിക് റൈറ്റിങ് എന്നിവയുടെ ഉദ്ഘാടനവും കേരള നോളജ് സീരീസിൽ പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിർവഹിക്കുമെന്നും പറഞ്ഞിരുന്നു. ലക്ഷങ്ങൾ ചെലവിട്ട് സർവകലാശാല കാൻ്റീൻ പരിസരത്ത് പന്തലും സ്റ്റേജും കെട്ടിയായിരുന്നു പരിപാടി. സദസ്സിൽ 500 കസേരകളും നിരത്തിയിരുന്നു.
മന്ത്രിക്ക് എത്താൻ സാധിച്ചിെല്ലങ്കിൽ ഓൺലൈനായി ഉദ്ഘാടനം നടത്താൻ വലിയ സ്ക്രീനും വേദിയിൽ സ്ഥാപിച്ചു. എന്നാൽ, ഉച്ചക്ക് മൂന്ന് മണിയോടെയാണ് മന്ത്രി ചടങ്ങിൽ പങ്കെടുക്കില്ലെന്നും, മാറ്റി െവച്ചതായും അധികൃതർ അറിയിച്ചത്.
ശമ്പളം നൽകാൻ പറ്റാത്ത നിലയിൽ സർവകലാശാല കടുത്ത സാമ്പത്തിക ബാധ്യതയിൽ നീങ്ങവേ ഇത്തരം സാമ്പത്തിക ധൂർത്ത് നടന്നത് വിവിധ സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇടത് അധ്യാപക സംഘടനകളും വൈസ് ചാൻസലറും തമ്മിലുള്ള ശീതസമരമാണ് മന്ത്രി വരാത്തതിന് കാരണമായി ആരോപിക്കപ്പെടുന്നത്.
മാസങ്ങളായി സർവകലാശാല പരിപാടികളിൽ പങ്കെടുക്കുന്നതിന് രഹസ്യ വിലക്കുള്ള റോജി.എം.ജോൺ. എം.എൽ.എയെ അധ്യക്ഷനാക്കിയതിലും ഇടത് സംഘടനകൾക്ക് പ്രതിഷേധമുണ്ടായിരുന്നു. മന്ത്രിയുടെ അടുത്ത ബന്ധു തൃശൂരിൽ മരണപ്പെട്ടതിനെ തുടർന്നാണ് ചടങ്ങ് മാറ്റിയതെന്നാണ് രജിസ്ട്രാർ എം.ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.