കളമശ്ശേരി: നിരോധിത ലഹരി പദാര്‍ഥങ്ങളായ എം.ഡി.എം.എ, കഞ്ചാവ് എന്നിവ കൈവശംവെച്ച കേസുകളില്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ 11 പേര് അറസ്റ്റിലായി. നിരോധിത ഉല്പന്നങ്ങള് യുവാക്കള്‍ക്കിടയില്‍ വ്യാപകമാണെന്ന വിവരത്തെ തുടർന്ന് കളമശ്ശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. 15.45 ഗ്രാം എം.ഡി.എം.എ കൈവശംവെച്ചതിന് കളമശ്ശേരി വിദ്യാനഗർ, എട്ടുകാട്ടിൽ വീട്ടിൽ ഇ.കെ. ഉനൈസ് (31), 4.40 ഗ്രാം എം.ഡി.എം.എ കൈവശംവെച്ചതിന് തൃക്കാക്കര നോർത്ത് മലൈതൈക്കാവ് തലക്കോട്ടിൽ വീട്ടിൽ ടി.എസ്. ഷിനാസ് (28) എന്നിവരാണ് അറസ്റ്റിലായവരിൽ പ്രധാനികൾ.
കളമശ്ശേരി ടൗൺഹാളിന് സമീപം ചുവപ്പ് നിറമുള്ള കാറിൽ വന്ന ഒരാൾ എം.ഡി.എം.എ വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷിനാസ് പിടിയിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ എം.ഡി.എം.എ ഇവർക്ക് വിൽപന നടത്തിയ ആളെപ്പറ്റി സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഉനൈസ് ചങ്ങമ്പുഴ ഗ്രൗണ്ട് ഭാഗത്തുനിന്ന് പിടിയിലാകുകയുമായിരുന്നു.
മുന്തിയ ജീപ്പിൽ കറങ്ങിനടന്ന് ആവശ്യക്കാർക്ക് എം.ഡി.എം.എ എത്തിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതികള്‍ ആഡംബര ജീവിതം നയിക്കുന്നതിനാണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മയക്കുമരുന്ന് വിൽപനക്കായി ഉപയോഗിച്ചിരുന്ന 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കാറുകൾ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുമെന്ന് പൊലീസ് അറിയിച്ചു.
കളമശ്ശേരി സി.ഐ വിപിൻദാസിന്റെ നേതൃത്വത്തിൽ സബ് ഇന്‍സ്പെക്ടര്‍മാരായ എ. വിനോജ്, കെ.പി. അജയകുമാർ, എ.എസ്. സുനിൽകുമാർ, എസ്.സി.പി.ഒമാരായ ബിനു, ഇസഹാക്, ശ്രീജിത്, ശ്രീജിഷ്, ഷമീര്‍, സി.പി.ഒമാരായ ഷിബു, കൃഷ്ണരാജ്, വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതിനിടെ കഞ്ചാവ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒമ്പത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.
തൃശൂർ പുന്നയൂർ വാലിപറമ്പിൽ സജാദ് (21), കൂനംതൈ അറക്കപ്പുറം ലിയാക്കത്തലി (29), മലപ്പുറം സ്വദേശികളായ പുത്തൂർപ്പള്ളി പാറേക്കൽ വീട്ടിൽ മിഥുൻ ലാൽ (21), മുണ്ണിയൂർ എളയം ചേരി വീട്ടിൽ ഇ. അനുരാഘ് (22), കൊല്ലം അന്നമനട പാർവതി ഭവൻ എസ്. ശരത് (26), ഇടപ്പള്ളി ചുറ്റുപാട്കര, എളവങ്ങാട് വീട്ടിൽ മുഹമ്മദ് ഷാൻ (24), കാക്കനാട് ഇടച്ചിറ തട്ടാൻ കടവിൽ അൽതാഫ് ടി.എച്ച്.(25), തൃശൂർ കൊരട്ടി സ്വദേശികളായ ഇറയാൻ കുടി സഹായി പറമ്പിൽ മുഹമ്മദ് ബിലാൽ (21), കുളയിടം ചെറുവല്ലൂർ താലിയത്ത് വീട്ടിൽ അമീർ സുഹൈൽ (24) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.