കളമശ്ശേരി: തെരുവിൽ കഴിഞ്ഞിരുന്ന ബിഹാർ സ്വദേശികളായ ദമ്പതികളുടെ കുട്ടികൾക്ക് കാത്തിരിപ്പുകൾക്കൊടുവിൽ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ജനന സർട്ടിഫിക്കറ്റ് നൽകാൻ ആർ.ഡി.ഒ ഉത്തരവിട്ടു. ഏലൂരിൽ താമസിച്ചുവരുന്ന ബിഹാർ സ്വദേശികളായ മുഹമ്മദ് മുന്ന - മെഹറുന്നിസ ദമ്പതികളുടെ കുട്ടികൾക്കാണ് ജനന സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവായത്.
ലോക്ഡൗൺ ഘട്ടത്തിൽ എറണാകുളം ഗ്രാൻറ് മസ്ജിദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തുന്നതിനിടെയാണ് ബിഹാർ സ്വദേശികളായ ദമ്പതികൾ മൂന്ന് പെൺകുട്ടികളുമായി തെരുവിൽ കഴിയുന്നത് ശ്രദ്ധയിൽപെട്ടത്. നോർത്ത് പാലത്തിനടിയിൽ മൂന്നുദിവസം മുമ്പ് ജനിച്ച പിഞ്ചുകുഞ്ഞടക്കം മൂന്ന് കുട്ടികളുമായി കഴിയുന്നതാണ് ശ്രദ്ധയിൽപെട്ടത്.
ഉടൻ കൊച്ചി കോർപറേഷന്റെയും പൊലീസിന്റെയും ചൈൽഡ് വെൽഫെയറിന്റെയും സഹകരണത്തോടെ കുടുംബത്തെ ഏറ്റെടുക്കുകയും ഏലൂരിൽ വാടകക്ക് വീടെടുത്ത് താമസിപ്പിക്കുകയും ചെയ്തു. എന്നാൽ, കുട്ടികളുടെ പഠനത്തിനും മുന്നോട്ടുള്ള ജീവിതത്തിനും ജനന സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും അത്യാവശ്യമായതിനാൽ അധികൃതരെ സമീപിച്ചു. വിഷയം മാധ്യമങ്ങളിൽ വാർത്തയായതോടെ ചൈൽഡ് വെൽെഫയർ കമ്മിറ്റി ഇടപെടുകയും കുട്ടികളുടെ വയസ്സ് നിർണയിക്കാനും രേഖകൾ തയാറാക്കാനും ഉത്തരവിടുകയും ചെയ്തു. അതനുസരിച്ച് 2021ൽ എറണാകുളം ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വയസ്സ് നിർണയ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി.
ഇതുമായി തണൽ സന്നദ്ധ പ്രവർത്തകർ തന്നെ മുന്നിട്ടിറങ്ങി താമസിക്കുന്ന പ്രദേശമായ ഏലൂർ നഗരസഭയെ സമീപിച്ച് രേഖകൾ കൈമാറി ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകി കാത്തിരുന്നു. രേഖകൾ ആർ.ഡി.ഒ ഓഫിസിൽ അയച്ചതിൽ തീരുമാനം വൈകുന്നതായാണ് കാരണമായി നഗരസഭ വിശദീകരിച്ചത്. ഇതിനിടെ, ആശുപത്രിയിൽനിന്ന് ലഭിച്ച രേഖകൾ കാണിച്ച് ഏലൂർ ഗവ. എൽ.പി സ്കൂളിൽ പഠിക്കാൻ ചേർത്തു. സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് ഹാജരാക്കാം എന്ന വ്യവസ്ഥയിലാണ് സ്കൂൾ അധികൃതർ കുട്ടികളെ ചേർത്തത്. എന്നാൽ, ആർ.ഡി.ഒയിൽനിന്നും മറുപടി ലഭിക്കാത്തതിനാൽ കുടുംബം ബുദ്ധിമുട്ടിലായിരുന്നു. തുടർന്ന്, സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മാതാവ് മെഹറുന്നിസ ഹൈകോടതിയെ സമീപിച്ചു. അതിന് പിന്നാലെയാണ് ഏലൂർ നഗരസഭക്ക് കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ആർ.ഡി.ഒ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.