കളമശ്ശേരി: വിടപറഞ്ഞത് കളമശ്ശേരിയുടെ വികസനത്തിന് ഏറെ പങ്ക് വഹിച്ച മുഖ്യമന്ത്രി. യു.ഡി.എഫ് സർക്കാറിന്റെ സ്വപ്ന പദ്ധതികളായ സിറ്റി ഗ്യാസ് പദ്ധതി, കേരളത്തിലെ ആദ്യ വൈറ്റ് ടോപ്പ് റോഡും കൊണ്ടുവന്നത് കളമശ്ശേരിയിൽ.
പാചകത്തിന് ഉപയോഗിക്കുന്ന എൽ.പി.ജിയെക്കാൾ ചെലവ് കുറഞ്ഞ പദ്ധതിയായാണ് യു.ഡി.എഫ് സർക്കാർ സിറ്റി ഗ്യാസ് പദ്ധതി കൊണ്ടുവന്നത്. എന്നാൽ, പദ്ധതി നടപ്പാക്കാൻ സർക്കാർ കളമശ്ശേരിയെയാണ് തെരഞ്ഞെടുത്തത്. കളമശ്ശേരി നഗരസഭ പരിധിയിൽ കളമശ്ശേരി മെഡിക്കൽ കോളജിലടക്കം 10, 12 വാർഡുകളിലായി 100 വീടുകളിലാണ് കണക്ഷൻ ആദ്യം നൽകിയത്.
ഏറെ ശ്രദ്ധ ആകർഷിച്ച പദ്ധതിയായിരുന്നു സിറ്റി ഗ്യാസ്. മറ്റൊന്ന് കേരളത്തിലാദ്യമായി കളമശ്ശേരി എച്ച്.എം.ടി ജങ്ഷൻ മുതൽ എൻ.എ.ഡി മണലിമുക്ക് വരെ അഞ്ച് കിലോമീറ്റർ ദൂരത്തിൽ റോഡ് കോൺക്രീറ്റ് ചെയ്താണ് (െവറ്റ് ടോപ്പ് ) പദ്ധതി നടപ്പാക്കിയത്.
യുവാക്കളിൽ സംരംഭകരെ വാർത്തെടുക്കാനായി സ്റ്റാർട്ടപ് മിഷൻ പദ്ധതി കളമശ്ശേരിയിൽ എത്തിച്ചതും ഉമ്മൻ ചാണ്ടിയാണ്. കളമശ്ശേരി നഗരസഭയുടെ രണ്ട് സ്വപ്ന പദ്ധതിയായ ചിൽഡ്രൻസ് സയൻസ് പാർക്ക്, ബസ് സ്റ്റാൻഡ് എന്നിവക്ക് അനുമതി നൽകിയതും അദ്ദേഹമാണ്.
സയൻസ് പാർക്കിന് അഞ്ചേക്കർ ഭൂമിയും ബസ്സ്റ്റാൻഡിന് 70 സെന്റ് സ്ഥലവും സൗജന്യമായി വിട്ടുനൽകി. കൂടാതെ അപകടങ്ങളും മരണങ്ങളും പതിവായ സിപോർട്ട് എയർപോർട്ട് റോഡിലെ അപകട വളവ് വീതി കൂട്ടാൻ പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിൽ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട് മുഖ്യമന്ത്രിയായപ്പോൾ നടപ്പാക്കി.
കോഴിക്കോട് പരിപാടിയിൽ പങ്കെടുത്ത് തിരിച്ചുള്ള യാത്രക്കിടെയാണ് സീ പോർട്ട് റോഡിൽ കൈപ്പട മുഗൾ ജങ്ഷനിൽ ഒരപകടം കാണാനിടയായത്. അതിൽ ഒരാൾ മരിച്ചിരുന്നു. കാരണം ജങ്ഷനിലെ വളവാണെന്ന് നാട്ടുകാർ ഉമ്മൻ ചാണ്ടിയെ ധരിപ്പിച്ചു. ഈ ഘട്ടത്തിലാണ് ഭരണത്തിൽ എത്തിയാൽ വളവിൽ വീതി കൂട്ടി അപകട സാധ്യത ഒഴിവാക്കാൻ ശ്രമിക്കാമെന്ന ഉറപ്പ് നൽകിയിരുന്നത്. തുടർന്ന് ഭരണത്തിൽ എത്തിയപ്പോൾ ഏഴ് കോടി ചെലവിൽ അപകടം ഒഴിവാക്കാൻ വളവിന് വീതി കൂട്ടി റോഡ് സഞ്ചാരയോഗ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.