കളമശ്ശേരി: കുസാറ്റിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ സുരക്ഷ ശക്തമാക്കണമെന്ന് പ്രിൻസിപ്പൽ വിളിച്ചുചേർത്ത യോഗത്തിൽ ആവശ്യം ഉയർന്നു. പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു വിളിച്ചുചേർത്ത ജീവനക്കാരുടെയും അധ്യാപകരുടെയും പി.ടി.എ യോഗങ്ങളിലാണ് ആവശ്യം ഉയർന്നത്.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച യോഗത്തിൽ അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നു. സ്ഥിരം പ്രശ്നക്കാരനായ എസ്.എഫ്.ഐ നേതാവിനെ പുറത്താക്കണം. ആസൂത്രിത സംഭവമാണ് നടന്നത്. ഓഫിസിന് മുന്നിലെ ഗ്രില്ല് ബലപ്പെടുത്തണം. പിന്നിലെ മതിലിന് ഉയരംകൂട്ടി കമ്പിവേലി സ്ഥാപിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ വി.സിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരിയുടെ മുഴുവൻ ചികിത്സ ചെലവും കുസാറ്റ് ഏറ്റെടുക്കുമെന്ന് പ്രിൻസിപ്പൽ ജീവനക്കാരുടെ യോഗത്തിൽ പറഞ്ഞു. ജോലിയിൽ പ്രവേശിക്കുന്നതുവരെ കാഷ്യൽ ലീവ് നൽകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട സി.സി ടി.വി ദൃശ്യങ്ങൾ വീണ്ടെടുത്തു. ആക്രമണത്തിന് പിന്നാലെ വിദ്യാർഥികൾ അടക്കം ദൃശ്യങ്ങൾ യൂനിവേഴ്സിറ്റിയോട് ആവശ്യപ്പെട്ടപ്പോൾ ലഭ്യമല്ലായിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ടെക്നീഷ്യന്റെ സഹായത്തോടെ വീണ്ടെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിന്റെ വിശദ റിപ്പോർട്ട് നൽകാൻ രണ്ടുദിവസത്തിനകം സമിതിയെ ചുമതലപ്പെടുത്തുമെന്നാണ് സർവകലാശാല അധികൃതർ പറഞ്ഞത്.
മേയ് രണ്ടിന് നടന്ന സർവകലാശാല സർഗം കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ തെളിവെടുപ്പ് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടന്നുകൊണ്ടിരിക്കെ എസ്.എഫ്.ഐ പ്രവർത്തകർ തെളിവ് നൽകാനെത്തിയ വിദ്യാർഥികളെ ആക്രമിച്ചിരുന്നു. ഇതിൽ എട്ട് കെ.എസ്.യു പ്രവർത്തകർക്കും രണ്ട് സർവകലാശാല ജീവനക്കാർക്കും പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിന് 26വരെ അവധി നൽകിയിരിക്കുകയാണ് സർവകലാശാല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.