കളമശ്ശേരി: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിലും വിഷയം കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്താത്തതിലും പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചെയർപേഴ്സൻ സീമ കണ്ണനെ ഉപരോധിച്ചു. ഉപരോധത്തിനിടെ വനിത കൗൺസിലർമാരും ചെയർപേഴ്സനും തമ്മിൽ പിടിവലിയുണ്ടാവുകയും ഭരണകക്ഷി അംഗം ജെസ്സി പീറ്റർ താഴെ വീഴുകയും ചെയ്തു. കൗൺസിൽ തുടങ്ങി അജണ്ട വായിക്കാൻ തുടങ്ങുന്നതിനിടെ പ്രതിപക്ഷം എതിർപ്പുമായെഴുന്നേറ്റു. ഡെങ്കിപ്പനി വ്യാപകമായിരിക്കെ വിഷയം ചർച്ച ചെയ്യാൻ അടിയന്തിര കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ യോഗം വിളിച്ചുകൂട്ടുകയോ വിളിച്ച് ചേർത്ത കൗൺസിൽ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തുകപോലും ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്. പിന്നാലെ നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ അധ്യക്ഷയുടെ മൈക്കും ഓഫാക്കി. അതോടെ അധ്യക്ഷ ഡയസിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചതോടെ പ്രതിപക്ഷ വനിത കൗൺസിലർമാർ തടഞ്ഞു. അത് പിടിവലിയിൽ അവസാനിക്കുകയായിരുന്നു. മുതിർന്ന കൗൺസിലർമാർ ഇടപ്പെട്ട് രംഗം ശാന്തമാക്കിയതോടെ ഉപരോധത്തിൽ നിന്നു വനിത കൗൺസിലർമാർ പിന്മാറി. അതോടെ അധ്യക്ഷ ഇറങ്ങിപ്പോയി. സംഭവത്തിൽ അധ്യക്ഷ സീമ കണ്ണൻ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. കൗൺസിൽ നടപടി ക്രമങ്ങൾ മുമ്പോകൊണ്ടു പോകാൻ അനുവദിച്ചില്ലെന്നും മൈക്ക് തട്ടിപ്പറിച്ച് ഓഫ് ചെയ്യുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തവർക്കെതിരെ പട്ടികജാതി അതിക്രമത്തിൽപ്പെടുത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.