കളമശ്ശേരി: സ്വകാര്യ കമ്പനിയിൽ പുലർച്ചയുണ്ടായ പൊട്ടിത്തെറി സമീപവാസികളെ പരിഭ്രാന്തിയിലാക്കി.കളമശ്ശേരി കാർബോറാണ്ടം യൂനിവേഴ്സൽ കമ്പനിയിൽനിന്നാണ് ബുധനാഴ്ച പുലർച്ച നാലോടെ മുട്ടാർ വട്ടേക്കുന്നം പ്രദേശത്തെ നടുക്കിയ സ്ഫോടനശബ്ദം ഉയർന്നത്. കമ്പനിക്കകത്തെ ഫർണസ് ലോഹം ഉരുകുന്നതിലേക്ക് തണുത്ത വെള്ളം വീണതിൽനിന്ന് ഉയർന്ന ശബ്ദമാണിതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. സംഭവത്തിൽ മുട്ടാർ മാനുവേലിൽ നാസറിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടിളകി വീഴുകയും ഭിത്തി പൊട്ടുകയും ചെയ്തു. കെട്ടിടത്തോട് ചേർത്ത് നിർമിച്ച ശുചിമുറിക്കും വിള്ളലുണ്ടായി. സമീപത്തെ നിരവധി വീടുകളുടെ ഭിത്തികളിൽ ഇത്തരത്തിൽ വിള്ളൽ ഉണ്ടായതായി വാർഡ് കൗൺസിലർ പ്രശാന്ത് പറഞ്ഞു. സംഭവം അന്വേഷിച്ച് പരാതികൾക്ക് പരിഹാരം കാണുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
പുലർച്ച കേട്ട ഭയാനക ശബ്ദത്തിൽ സമീപവാസികൾ ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നു. ചിലർ എന്താണ് സംഭവിക്കുന്നതറിയാതെ പ്രായമായവരെയും കുട്ടികളെയുംകൊണ്ട് വീടിന് പുറത്തേക്കോടി. കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായ ഭൂചലനത്തിന്റെ ആവർത്തനമാണോയെന്ന ഭയപ്പാടിലാണ് പലരും പുറത്തേക്കോടിയത്. കമ്പനിക്കകത്തുനിന്നാണെന്ന് മനസ്സിലായതോടെ പലരും കമ്പനിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.
കമ്പനി അധികൃതർ നഷ്ടപരിഹാരം ഉറപ്പുനൽകിയതിനാൽ ആരും സംഭവം ആദ്യം പുറത്തുപറഞ്ഞിരുന്നില്ല. വൈകീട്ടാണ് പൊട്ടിത്തെറിയെക്കുറിച്ച വിവരങ്ങൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.