കളമശ്ശേരി: സ്ഥാപനങ്ങളിൽനിന്നും കരാറടിസ്ഥാനത്തിൽ കൊണ്ടുവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ കത്തിക്കുന്ന സംഘം സജീവം. കഴിഞ്ഞ ദിവസം പള്ളിലാംകര ഗവ. എൽ.പി സ്കൂളിനുസമീപം വൻതോതിൽ പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കത്തിച്ചതാണ് അവസാന സംഭവം.
കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയിലെ സ്വകാര്യസ്ഥാപനത്തിലെ മാലിന്യം നീക്കാൻ കരാർ ഏറ്റെടുത്തവർ ഇത് ശേഖരിച്ച് വേർതിരിച്ച് മറ്റൊരു സംഘത്തിന് കൈമാറുകയാണ് ചെയ്യുന്നത്. ഇവർ മാലിന്യം പാലക്കാട്ട് എത്തിച്ച് സംസ്കരിക്കുമെന്നാണ് പറയുന്നത്.
എന്നാൽ, ഇവർ പാലക്കാട്ടേക്ക് കൊണ്ടുപോകാതെ കളമശ്ശേരിയിൽ എത്തിച്ച് കത്തിക്കുകയായിരുന്നത്രെ. വ്യാഴാഴ്ച രാവിലെ അഗ്നിരക്ഷാസേനയെത്തി കെടുത്തിയെങ്കിലും പ്ലാസ്റ്റിക്കിൽ നിന്നും ഗന്ധവും പുകയും ഉയർന്നു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ മാലിന്യത്തിന്റെ യഥാർഥ ഉടമകളെന്ന് കണ്ടെത്തിയ കാക്കനാട്ടെ സാമ്പത്തികമേഖലയിലെ സ്വകാര്യ സ്ഥാപനത്തിനെതിരെ കളമശ്ശേരി നഗരസഭ 5.25 ലക്ഷം രൂപ പിഴ ചുമത്തി.
നഗരസഭാ പ്രദേശമായ എച്ച്.എം.ടി ഭൂമിയിലും സീപോർട്ട് -എയർപോർട്ട് റോഡരികിലും കളമശ്ശേരിയിൽ ദേശീയ പാതയോരത്തും വ്യാപകമായാണ് മാലിന്യം തള്ളുന്നത്. പലയിടത്തും ഇത് കത്തിക്കുന്നതും പതിവാണ്. ഇതിനെതിരെ നടപടിയെടുക്കാത്തതാണ് ഇത്തരക്കാർക്ക് സഹായമാകുന്നത്. തെരുവിൽ മാലിന്യം കത്തിച്ചതറിഞ്ഞ് സംസ്ഥാനതല നിരീക്ഷണ സമിതി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകഷ്ണപിള്ള സ്ഥലം സന്ദർശിച്ചു. കളമശ്ശേരി നഗരസഭ സ്വീകരിച്ച നടപടി സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.