കളമശ്ശേരി: യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ കേരളത്തിൽ എട്ട് ഹീമോഫീലിയ രോഗികൾ മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് സർക്കാറിന് നോട്ടീസ് അയച്ചു. ആവശ്യമായ നടപടി സ്വീകരിച്ചശേഷം ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കാരുണ്യ ചികിത്സ പദ്ധതിയിൽനിന്ന് ആശാധാരാ പദ്ധതിയിലേക്കുള്ള മാറ്റം ഹീമോഫീലിയ രോഗികൾക്ക് വലിയ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നത്. രോഗി ആശുപത്രിയിലായാൽ മാത്രമേ ചികിത്സയും മരുന്നും അനുവദിക്കേണ്ടതുള്ളൂവെന്ന ആശാധാരയിലെ വ്യവസ്ഥയാണ് ഹീമോഫീലിയ രോഗികളെ ബുദ്ധിമുട്ടിലാക്കിയത്.
ആന്തരിക രക്തസ്രാവമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാനുള്ള ഘടകങ്ങളായ ഫാക്ടർ 7, ഫാക്ടർ 8, ഫാക്ടർ 9 എന്നിവ രക്തത്തിൽ കുറവായിരിക്കുന്നതാണ് രോഗകാരണം. ഹീമോഫീലിയ ബാധിതരിൽ സാധാരണ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ രക്തസ്രാവം ഉണ്ടാകാറുണ്ട്.
ഈ സമയത്ത് രോഗിക്ക് ആവശ്യമുള്ള ഫാക്ടർ മരുന്നുകൾ കുത്തിവെക്കണം. ചികിത്സക്ക് താമസമുണ്ടായാൽ ജീവന് ഭീഷണിയാവും.രക്തസ്രാവമുണ്ടാകുന്ന സമയത്ത് ഉപയോഗിക്കാനായി രണ്ട് ഡോസ് മരുന്ന് വീട്ടിൽ കരുതണം. എന്നാൽ, ആന്തരിക രക്തസ്രാവമുണ്ടായാൽ ആശുപത്രിയിൽ കിടക്കണമെന്നാണ് ആശാധാരയിലെ വ്യവസ്ഥ.
എറണാകുളം ജില്ലകളിൽ ഹീമോഫീലിയ ചികിത്സ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ദൂരെയുള്ള രോഗികൾക്ക് ആശുപത്രിയിലെത്താൻ പ്രയാസമുണ്ട്. കാരുണ്യ രീതി പുനരാരംഭിച്ചാൽ ഹീമോഫീലിയ രോഗികൾക്ക് യഥാസമയം സൗജന്യ ചികിത്സ ലഭിക്കുമെന്ന് ഹീമോഫീലിയ സൊസൈറ്റി കൊച്ചി ചാപ്റ്റൻ സെക്രട്ടറി വിനോദ് അരവിന്ദാക്ഷൻ പറഞ്ഞു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.