കളമശ്ശേരി: ഭൂമി തരം മാറ്റി കിട്ടാത്തതിനാൽ കളമശ്ശേരി നഗരസഭയിൽ വീടിനായുള്ള നൂറുകണക്കിന് അപേക്ഷകരുടെ കാത്തിരിപ്പ് നീളുന്നു. ലൈഫ് പദ്ധതിക്കായി നീക്കിവെച്ച നഗരസഭ പന്ത്രണ്ടാം വാർഡിലെ ഒന്നര ഏക്കറാണ് തരം മാറ്റി കിട്ടാത്തത്. ഈ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ തരം മാറ്റി കിട്ടിയാൽ മാത്രമേ വീടുകൾ നിർമിക്കാനാകു. തരം മാറ്റി നൽകണമെന്നും ഇതിനുള്ള അപേക്ഷ ഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ റവന്യൂ മന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു.
എന്നാൽ, ആവശ്യം ഉന്നയിച്ച് ആർ.ഡി.ഒക്ക് അപേക്ഷ നൽകാനുള്ള നിർദേശമാണ് ലഭിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ മാർച്ചിൽ ആർ.ഡി.ഒ.ക്ക് ഓൺലൈനായി നഗരസഭ അപേക്ഷ നൽകി. ആർ.ഡി.ഒ അന്വേഷണവും നടന്നു. പിന്നീട് ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റി കൂടി റിപ്പോർട്ട് തയാറാക്കി. എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നാണ് നഗരസഭ പറയുന്നത്.
2017 മുതൽ 2020 വരെ അപേക്ഷ നൽകി നഗരസഭ പരിധിയിൽ വീടും സ്ഥലവും ഇല്ലാത്ത ലൈഫ് പദ്ധതിയിൽ ഇടം പിടിച്ച 838 പേരാണുള്ളത്. നവകേരള സദസ്സിലും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭ അപേക്ഷ നൽകിയിരുന്നുവെങ്കിലും നീക്കുപോക്കുണ്ടായിട്ടില്ല. അതേസമയം, ലൈഫ് പദ്ധതി നടപ്പാക്കാത്തതിനെതിരെ എൽ.ഡി.എഫ് നഗരസഭക്ക് മുന്നിലും പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തും സമരം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.