കളമശ്ശേരി: എച്ച്.എം.ടി ജങ്ഷൻ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ മന്ത്രി പി. രാജീവിന്റെ നിർദേശം. പ്രവർത്തന പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകയത്. ജങ്ഷൻ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണം.
നിലവിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന അപ്പോളോ ജങ്ഷനിലെ ബസ്സ്റ്റോപ് ഉൾപ്പെടെയുള്ളത് പുനഃക്രമീകരിക്കാൻ ദേശീയ പാത അതോറിറ്റി, പൊലീസ് എന്നിവർക്കും ജങ്ഷനിൽ സ്ഥിരമായി കേടുപാടുകൾ സംഭവിക്കുന്ന റോഡുകളിൽ ശാശ്വത പരിഹാരത്തിന് നടപടികൾ സ്വീകരിക്കാൻ പി.ഡബ്ല്യു.ഡിക്കും നിർദേശം നൽകി. ഗതാഗത തടസ്സം കൂടുതലുള്ള സമയങ്ങളിൽ മാന്വലായി ട്രാഫിക് നിയന്ത്രിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. ജങ്ഷനിലെ ഓട്ടോകളുടെ പാർക്കിങ് രണ്ട് ലൈനായി നിയന്ത്രിക്കണം.
എച്ച്.എം.ടി ജങ്ഷനിലെ അനധികൃത കൈയേറ്റങ്ങളും മറ്റും ഒഴിവാക്കുന്നതിന് ബൗണ്ടറി മാർക്ക് ചെയ്യുന്നതിന് റവന്യൂ വകുപ്പിനോട് നിർദേശിച്ചു. മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള കൾവർട്ട് നിർമാണ നടപടികൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യോഗത്തിൽ കലക്ടർ എൻ.എസ്.കെ. ഉമേഷ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, മുൻ എം.എൽ.എ എ.എം. യൂസഫ്, ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ, കെ.ബി. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.