കളമശ്ശേരി: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായുടെ ആക്രമണം രണ്ടര വയസ്സുകാരൻ ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കേറ്റു. നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഗ്ലാസ് കോളനി, ചക്യാടം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സുന്ദരഗിരി, കുടിലിൽ റോഡ് എന്നീ ഭാഗങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരുവ് നായ ആക്രമണം ഉണ്ടായത്. ഗ്ലാസ് കോളനിഭാഗത്തെ റോഡിൽ വെച്ചാണ് അന്തർ സംസ്ഥാനക്കാരുടെ മകനായ രണ്ടര വയസ്സുകാരൻ ഉൾപ്പെടെ അഞ്ച് പേർക്ക് കടിയേറ്റത്. വീടിനു മുന്നിലെ റോഡിൽ നിൽക്കുമ്പോഴായിരുന്നു ഏഴ് വയസ്സുകാരിക്ക് കടിയേറ്റത്. ഗ്ലാസ് കോളനിക്ക് സമീപം കടയുടെ മുന്നിൽ നിന്ന ഒരാൾക്കും കടിയേറ്റു.
കടിയേറ്റവർ കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ഇതിനിടെ അപകടകാരിയെന്ന് സംശയിക്കുന്ന ഒരു നായെ ചത്ത നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് തൃശ്ശൂർ വെറ്റിനറി കോളേജിൽ ജീവനക്കാരെത്തി ചത്ത നായയെ പരിശോധനക്കായി കൊണ്ടുപോയി. മാലിന്യ സംസ്കരണത്തിനായി വിപുലമായ പദ്ധതികൾ കളമശ്ശേരി നഗരസഭ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പിലായില്ല. അതിനാൽ പല ഇടങ്ങളിലും മാലിന്യം തള്ളുന്നത് തുടരുകയാണ്. ഇത് തെരുവ് നായ്ക്കൾ വിഹരിക്കാൻ വഴിവെച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.