അത്താണി: അരനൂറ്റാണ്ടിന്റെ വിജയഗാഥ രചിച്ച കേരള ആഗ്രോ മെഷിനറി കോർപറേഷൻ (കാംകോ) സുവർണ ജൂബിലി ആഘോഷ നിറവിൽ. വെള്ളിയാഴ്ച വൈകിട്ട് നാലിന് നെടുമ്പാശ്ശേരിയിലെ അത്താണി കാംകോയിൽ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ജൂബിലി ആഘോഷ സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ 1973ൽ അത്താണിയിൽ സ്ഥാപിതമായ കാംകോ, കാർഷികയന്ത്രങ്ങൾ നിർമിക്കുന്ന രാജ്യത്തെ ഏക പൊതുമേഖല സ്ഥാപനമാണ്. 220 കോടി വിറ്റുവരവുള്ള കമ്പനിയാണ് കാംകോ. 1975ലാണ് ജപ്പാൻ സാങ്കേതിക സഹായത്തോടെ പവർ ടില്ലർ നിർമാണത്തിന് തുടക്കമിട്ടത്. 1984 മുതൽ തുടർച്ചയായ പ്രവർത്തനലാഭം നേടിവരുന്ന സ്ഥാപനം, കാർഷിക യന്ത്രവത്കരണം ത്വരിതപ്പെടുത്തുന്ന പ്രധാന പൊതുമേഖല സ്ഥാപനമായി വളരുകയായിരുന്നു. കളമശ്ശേരിയിലും പാലക്കാട് കഞ്ചിക്കോട്ടും തൃശൂർ ജില്ലയിലെ മാളയിലും കണ്ണൂർ ജില്ലയിലെ വലിയവെളിച്ചത്തും അധികം വൈകാതെ നിർമാണ യൂനിറ്റുകൾ ആരംഭിച്ചു.
സംസ്ഥാന സർക്കാരിന് കീഴിൽ ജപ്പാനിലെ കുബോട്ട കമ്പനിയുമായി ചേർന്നായിരുന്നു തുടക്കം. പവർ ടില്ലറുകളുടെ ആവശ്യം വർധിക്കുന്നത് പരിഗണിച്ചാണ് 1994ൽ കളമശ്ശേരിയിലും 1995ൽ കഞ്ചിക്കോടും യൂനിറ്റുകൾ ആരംഭിച്ചത്. 1999ൽ കൊയ്ത്ത്യന്ത്രം (പവർ റീപ്പർ) വികസിപ്പിക്കുകയും ഇതിന്റെ നിർമാണത്തിന് മാളയിൽ 2001ൽ ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. 2012ൽ അത്താണിയിലെ യൂനിറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ മിനി ട്രാക്ടർ നിർമാണം ആരംഭിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ) പദ്ധതിയിൽപ്പെടുത്തി ആറാമത്തെ യൂനിറ്റ് തുടങ്ങാൻ സർക്കാർ 2013ൽ 10 കോടി അനുവദിച്ചു. ആസാം, ത്രിപുര, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലും കാംകോക്ക് ശക്തമായ വിപണി സാന്നിധ്യവുമുണ്ട്.
ഇതുവരെ മൂന്ന് ലക്ഷത്തിലധികം പവർ ടില്ലറുകളും 40,000ഓളം പവർ റീപ്പറുകളും കാംകോ നിർമിച്ച് വിതരണം ചെയ്തു. എല്ലാ യൂനിറ്റുകളിലുമായി 700ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.