കൊച്ചി: യാത്ര നിരക്കിൽ ഇളവ് വേണമെന്ന ഏറെക്കാലമായുള്ള പൊതുജനങ്ങളുടെ ആവശ്യത്തിന് പച്ചക്കൊടിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഇളവ് വരുത്തി ഉടൻ പ്രഖ്യാപനം നടത്തുമെന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യാത്രക്കാരുടെയും മറ്റ് പൊതുജനങ്ങളുടെയും മനമറിയാൻ കെ.എം.ആർ.എൽ നടത്തിയ സർവേയിൽ ഉയർന്ന ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. സർവേയിൽ പങ്കെടുത്തവരിൽ 77 ശതമാനം ആളുകളുടെയും പ്രധാന ആവശ്യം മെട്രോ യാത്ര ടിക്കറ്റ് നിരക്ക് കുറക്കണമെന്നതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സർവേയിൽ ആകെ പങ്കെടുത്ത 11,199 േപരിൽ 63 ശതമാനം പേർ മെട്രോ ഉപയോഗിക്കാത്തവരും 37 ശതമാനം മെട്രോ ഉപയോഗിക്കുന്നവരുമായിരുന്നു. യാത്രക്കാരിൽ 79 ശതമാനവും 22നും 50നും ഇടയിൽ പ്രായമുള്ളവരുമാണ്. യാത്രക്കാരിൽ മാനസിക വൈകല്യമുള്ളവർക്ക് യാത്ര പൂർണമായും സൗജന്യമാക്കും. ഇവർക്കൊപ്പമെത്തുന്നയാൾക്ക് പകുതി നിരക്കിൽ യാത്ര ചെയ്യാനും അവസരം നൽകും. മെട്രോ ഉപയോഗം ജനകീയമാക്കാൻ ബോധവത്കരണം, ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്ടിവിറ്റിക്കായി കൂടുതൽ സൗകര്യങ്ങൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ തുടങ്ങിയവർക്ക് യാത്ര നിരക്കിൽ പ്രത്യേക ഇളവ്, പ്രതിദിന, വാരാദ്യ, പ്രതിമാസ പാസുകൾ, കൊച്ചി വൺ കാർഡ് വിപുലീകരണം എന്നിങ്ങനെ ആവശ്യങ്ങളാണ് കൂടുതലായി സർവേയിൽ ഉയർന്നത്.
ഇതിെൻറ അടിസ്ഥാനത്തിൽ കെ.എം.ആർ.എല്ലിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രത്യേക ചർച്ച നടത്തി വിവിധ ഇളവുകൾ നൽകാൻ ആലോചിക്കുകയാണെന്ന് ബെഹ്റ പറഞ്ഞു. ഉത്സവകാല ഡിസ്കൗണ്ടുകൾ, വിദ്യാർഥികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കുള്ള പ്രത്യേക ഇളവുകൾ പരിഗണിക്കുന്നുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ ആളുകളെ ആകർഷിക്കാൻ പദ്ധതികൾ, ഫാമിലി, യാത്ര സംഘങ്ങൾ എന്നിവർക്ക് പ്രത്യേക ഇളവുകൾ എന്നിവയും ആലോചിക്കുന്നുണ്ട്.
യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഓരോ സ്റ്റേഷൻ പരിധിയിലും എത്ര സ്ഥലം ബാക്കിയുണ്ടെന്ന് അറിയാൻ ആപ്പ് കൊണ്ടുവരും. മെട്രോയിൽ യാത്ര ചെയ്യുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ താമസ സ്ഥലത്ത് എത്തിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഇലക്ട്രിക് ബസുകൾ വാടകക്കെടുക്കും. യാത്രക്കാർക്ക് ലാസ്റ്റ് മൈൽ കണക്ടിവിറ്റിക്കായി കൂടുതൽ സൈക്കിളുകൾ എത്തിച്ചു. ഇതിെൻറ ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം, കൊച്ചിൻ സ്മാർട്ട്മിഷൻ സി.ഇ.ഒ ഷാനവാസ്, ഡി.സി.പി ഐശ്വര്യ ഡോംഗ്രേ എന്നിവർ ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.