മട്ടാഞ്ചേരി: പൊലീസിെൻറ റേഷൻ കരിഞ്ചന്ത വേട്ട മട്ടാഞ്ചേരിയിൽ തുടരുന്നു. 30 ചാക്ക് റേഷൻ ധാന്യങ്ങളാണ് രണ്ടാം ദിവസം പിടികൂടിയത്. സംഭവത്തിൽ ഈരവേലി ചിറപ്പുറത്ത് താമസിക്കുന്ന നാസറിനെ (55) അറസ്റ്റ് ചെയ്തു. ഇയാളുടെ ഉടമസ്ഥതയിലെ മഷ്ഹൂർ എന്ന വീട്ടിൽ നിന്നാണ് നാല് ചാക്ക് ഗോതമ്പ്, ആറ് ചാക്ക് വെള്ള കുത്തരി, ഒരു ചാക്ക് ചുവപ്പ് കുത്തരി, ആറ് ചാക്ക് പച്ചരി ,13 ചാക്ക് പുഴുക്കലരി എന്നിവ പിടിച്ചെടുത്തത്.
ബുധനാഴ്ച കൂവപ്പാടത്തെ ഒരു ഗോഡൗണിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 130 ചാക്ക് റേഷൻ ധാന്യങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർ അന്വേഷണഭാഗമായി നടന്ന പരിശോധനയിലാണ് വീണ്ടും ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്.
റേഷൻ കടകളിൽനിന്ന് സൗജന്യ റേഷൻ വാങ്ങുന്നവരെ തേടിപ്പിടിച്ച് അവരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ധാന്യങ്ങൾ വാങ്ങി ശേഖരിച്ച് വൻ സംഘങ്ങൾക്ക് കൂടിയ വിലയ്ക്ക് മറിച്ച് നൽകിയിരുന്ന ഇടനിലക്കാരനായിരുന്നു പിടിയിലായ പ്രതി നാസർ. പൊലീസ് അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സിറ്റി റേഷനിങ് അധികൃതർ സാധനങ്ങളുടെ കണക്കുകൾ ശേഖരിച്ചു. പ്രതിക്കെതിരെ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു. മട്ടാഞ്ചേരി അസിസ്റ്റൻറ് കമീഷനർ വി.ജി. രവീന്ദ്രനാഥ്, ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ കെ.ആർ. രൂപേഷ്, മധുസൂദനൻ, കെ.കെ. ശിവൻകുട്ടി, പ്രബേഷൻ എസ്.ഐ അലക്സ്, അസി. സബ് ഇൻസ്പെക്ടർ എൻ. അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ റോസ്, പി.എം. മനീഷ് സിവിൽ പൊലീസ് ഓഫിസർ കെ.എ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.