കാക്കനാട്: ആറു മാസത്തിനിടെ തൃക്കാക്കര മണ്ഡലത്തിൽ ആരംഭിച്ചത് 394 സംരംഭങ്ങൾ. 1058 പേർക്കാണ് ഇതു വഴി തൊഴിൽ ലഭിച്ചത്. സംസ്ഥാന സർക്കാറിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ അവലോകന യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ല പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന അവലോകന യോഗം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായ വകുപ്പിന്റെ പദ്ധതി പ്രകാരം ചുരുങ്ങിയ കാലയളവിൽ മികച്ച നേട്ടമാണ് തൃക്കാക്കര മണ്ഡലം കൈവരിച്ചതെന്ന് എം.എൽ.എ പറഞ്ഞു.
ആറു മാസം പിന്നിടുമ്പോൾ മണ്ഡലത്തിൽ ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നതിന്റെ 46.84 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇതുവഴി 28.68 കോടി രൂപയുടെ നിക്ഷേപം നടന്നു.
തൃക്കാക്കര നഗരസഭയിൽ 197 സംരംഭങ്ങളും കൊച്ചി കോർപറേഷനിൽ 197 സംരംഭങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗത്തിൽ മുഖ്യാതിഥിയായി.
ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ കെ.കെ. ഇബ്രാഹീം കുട്ടി, വ്യവസായ വർക്കിങ് ഗ്രൂപ് ചെയർപേഴ്സൻ സജീന അക്ബർ, കണയന്നൂർ താലൂക്ക് ഉപജില്ല വ്യവസായ ഓഫിസർ പി. നമിത, തൃക്കാക്കര നഗരസഭ വ്യവസായ വികസന ഓഫിസർ കെ.കെ. ദീപ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.