കൊച്ചി: ഭക്ഷണത്തിൽനിന്ന് വിഷബാധ ഏറ്റതായി ആരോപിച്ച് ഹോട്ടൽ ഉടമകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാൾ പിടിയിൽ. മാനന്തവാടി കല്ലുമുട്ടംകുന്ന് മുത്തശ്ശീരിയിൽ വീട്ടിൽ ബേസിൽ വർക്കിയാണ് (31) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
ഇന്റീരിയർ ഡിസൈനറായ ബേസിൽ പത്രമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വാർത്ത വരുന്ന ഹോട്ടലുകളുടെ നമ്പറിൽ വിളിച്ച് താൻ അഭിഭാഷകനാണെന്നും അവിടെനിന്ന് പാർസൽ വാങ്ങി ഭക്ഷണം കഴിച്ച് തന്റെ കുട്ടി അവശനിലയിൽ ആശുപത്രിയിൽ ആണെന്നും മറ്റും പറയും. നിലവിലെ സാഹചര്യത്തിൽ അയാൾ പറയുന്നത് വിശ്വസിച്ച് വിലപേശി ചെറിയ തുക കൊടുക്കുകയാണ് ഹോട്ടൽ ഉടമകൾ ചെയ്യുക.
കഴിഞ്ഞ ദിവസം എറണാകുളം സരിത തിയറ്ററിനടുത്തുള്ള ഹോട്ടലിലേക്ക് ബേസിൽ വിളിച്ച് അവിടെ നിന്ന് വാങ്ങിയ ബിരിയാണിയുടെ ഉള്ളിൽ റബർബാൻഡ് ഉണ്ടായിരുന്നുവെന്നും അത് കഴിച്ച അയാളുടെ കുട്ടി തൊണ്ടയിൽ റബർബാൻഡ് കുടുങ്ങി ആശുപത്രിയിലാണെന്നും പറഞ്ഞു.
ബിരിയാണിയുടെ മുകളിൽ ഒരു റബർബാൻഡ് വെച്ച് ഫോട്ടോയെടുത്ത് ഹോട്ടൽ ഉടമക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ബിരിയാണി കണ്ടപ്പോൾ അത് തന്റെ കടയിലേത് അല്ലെന്ന് ഉടമക്ക് മനസ്സിലായി.
ബില്ല് ചോദിച്ചപ്പോൾ ബില്ലൊക്കെ ആരെങ്കിലും കൊണ്ടുനടക്കുമോ, നിങ്ങൾ കൂടുതൽ സംസാരിച്ചാൽ ഇത് ഞാൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 10,000 രൂപ ആശുപത്രി ചെലവിനായി തന്നാൽ താൻ പരാതിയിൽനിന്ന് പിൻമാറാമെന്നും അറിയിച്ചു. ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൂടിയായ ഉടമ അപ്പോൾ തന്നെ വിവരം സെൻട്രൽ പൊലീസിന് കൈമാറി.
പൊലീസ് നടത്തിയ പരിശോധനയിൽ പാർസൽ മേടിച്ചെന്ന് പറയുന്ന സമയത്ത് ഇയാൾ ബംഗളൂരുവിൽ ആണെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട്, വയനാട്, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇതുപോലെ പണം വാങ്ങിയതായി അറിഞ്ഞു. തുടർന്ന് ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വയനാടുനിന്ന് ബേസിലിനെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.