കൊച്ചി: ചൂളംവിളിച്ചെത്തുന്ന ട്രെയിൻ ലക്ഷദ്വീപിലുമുണ്ടായിരുന്നു. കൂകിപ്പായുന്ന ട്രെയിൻ നിയന്ത്രിച്ചിരുന്നത് ഏവരുടെയും സ്വന്തം അബ്ബാസിക്കയും. വിനോദത്തിന് ഒരുക്കിയ ഈ ട്രെയിൻ സർവിസിെൻറ ലോക്കോ പൈലറ്റായിരുന്ന എം.പി. അബ്ബാസ് 32 വർഷത്തെ ഔദ്യോഗികജീവിതത്തിൽനിന്ന് പടിയിറങ്ങുന്നത് ഒരുപിടി ഓർമകൾ ബാക്കിയാക്കിയാണ്.
കുട്ടികളുടെ വിനോദത്തിന് ഒരുക്കിയ 'കവരത്തി ക്വീൻ' ട്രെയിനിെൻറ ദ്വീപുകാരനായ ആദ്യ ലോക്കോ പൈലറ്റായിരുന്നു അദ്ദേഹം. ഗവ. പ്രസ് ജീവനക്കാരനായിരുന്ന അബ്ബാസ് മലയാളിയായ പപ്പൻ എന്ന ലോക്കോ പൈലറ്റ് വിരമിച്ച ഒഴിവിൽ 35ാം വയസ്സിലാണ് കവരത്തി ക്വീനിലെത്തിയത്. പപ്പൻ അബ്ബാസിനെ ട്രെയിൻ ഓടിക്കാൻ പഠിപ്പിച്ചു. 1996ൽ ജോലിയിൽ പ്രവേശിച്ചശേഷം മറ്റുവകുപ്പുകളിലേക്ക് ഡ്രൈവറായി മാറ്റം കിട്ടിയെങ്കിലും ട്രെയിൻ ഓടിക്കാൻ ആരും ഇല്ലാത്തതിനാൽ 2006 വരെ ലോക്കോ പൈലറ്റായി തുടർന്നു. പിന്നീട് ആശുപത്രി, കലക്ടറുടെ ഡ്രൈവർ അങ്ങനെ പല ജോലികൾക്കുശേഷം പഞ്ചായത്ത് വകുപ്പിലെ ഡ്രൈവറായാണ് വിരമിക്കുന്നത്.
കവരത്തി റേഡിയോ നിലയത്തിന് സമീപെത്ത ഇന്ദിരാനഗർ എന്ന് പേരിട്ട സ്റ്റേഷനിൽനിന്ന് തുടങ്ങി വിദ്യാഭ്യാസ ഡയറക്ടർ ഓഫിസ് വഴി ചുറ്റി തിരികെ സ്റ്റേഷനിൽ എത്തുന്ന രീതിയിൽ രണ്ടര കി.മീറ്ററിലായിരുന്നു സർവിസ്. ഡീസലിൽ ഓടുന്ന ട്രെയിൻ 2006 വരെ സർവിസ് നടത്തി. ആദ്യം 50 പൈസയായിരുന്നു ടിക്കറ്റ് നിരക്ക്. അവസാന കാലഘട്ടത്തിൽ ഒരുരൂപയാക്കി. 1973ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ലക്ഷദ്വീപിലെ കുട്ടികൾക്ക് ട്രെയിൻ സമ്മാനിച്ചത്.
ദ്വീപിൽ എത്തിയ ഇന്ദിര ഗാന്ധിയോട് ട്രെയിൻ തരുമോ എന്ന കുട്ടികളുടെ ചോദ്യമാണ് സർവിസിന് തുടക്കമിടാൻ കാരണം. അങ്ങനെയെത്തിയ ട്രെയിനിെല ലോക്കോ പൈലറ്റായ അബ്ബാസ് കുട്ടികളുടെ അബ്ബാസിക്കയായി. സർവിസ് അവസാനിച്ചെങ്കിലും ട്രെയിനിെൻറ ചൂളംവിളി വീണ്ടും ഉയരാൻ ആഗ്രഹമുണ്ടെന്ന് അബ്ബാസ് പറഞ്ഞു. ടാക്സി ഡ്രൈവറായി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.