കൊച്ചി: കൊച്ചിയെ അതിന്റെ മനോഹരമായ പ്രൗഢിയിൽ നിലനിർത്താൻ ശക്തമായി ഇടപെടുമെന്ന് ഹൈകോടതി. കായലും കടലോരവും ദ്വീപുകളും കപ്പൽശാലയുമൊക്കെയുള്ള മനോഹരനഗരം കൊച്ചിയെപ്പോലെ മറ്റൊന്ന് കാണില്ലെങ്കിലും സംരക്ഷണ കാര്യത്തിൽ ഏറെ പിന്നിലാണ്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പ്രധാന പാതയോടനുബന്ധിച്ച നടപ്പാതയുടെ സുരക്ഷപോലും ഉറപ്പുവരുത്താനായിട്ടില്ല. കച്ചേരിപ്പടിയിൽ നടപ്പാതയില്ലാത്ത ഭാഗമുണ്ട്. ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളുടെ സുരക്ഷയിൽ കോടതിക്ക് ആശങ്കയുണ്ട്. നോർത്തിലെ ഒരുഭാഗത്ത് നടപ്പാത റോഡ് നിരപ്പിനെക്കാൾ താഴെയായതിനാൽ മഴ വന്നാൽ നടക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
എം.ജി റോഡിന്റെ പ്രതാപം നഷ്ടപ്പെടാൻ പ്രധാന കാരണം നടപ്പാതകളുടെ ദുരവസ്ഥയാണെന്ന് കോടതി വിലയിരുത്തി. അറ്റകുറ്റപ്പണിക്ക് പണമില്ലെന്നാണ് സർക്കാർ വാദം. കാൽനടയും ഗതാഗതവും സുഗമമാക്കിയാൽ ഒഴിഞ്ഞുപോയ വ്യാപാരസ്ഥാപനങ്ങളും എം.ജി റോഡിന്റെ പ്രൗഢിയും വരുമാനസ്രോതസ്സും മടങ്ങിവരും. അറ്റകുറ്റപ്പണിക്ക് കുഴിച്ചിടത്ത് വേണ്ടവിധം വേലി കെട്ടാത്തതുമൂലമാണ് ഫോർട്ട്കൊച്ചിയിൽ ആയുർവേദ ചികിത്സക്കെത്തിയ ഫ്രഞ്ച് പൗരന് കാനയിൽ വീണ് പരിക്കേറ്റതെന്ന് സ്മാർട്ട് സിറ്റി മിഷൻ അറിയിച്ചു. സന്ദർശകർ എത്തുന്നിടത്ത് റോഡ് സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോടതി കലക്ടർക്ക് നിർദേശം നൽകി.
ഇരുട്ടിയാൽ പലയിടങ്ങളും സാമൂഹികവിരുദ്ധരുടെ താവളമാകാൻ സാധ്യതയുള്ളതിനാൽ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിജസ്ഥിതി കലക്ടർ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.
ഇക്കാര്യത്തിൽ എല്ലാ ഏജൻസികളെയും ഏകോപിപ്പിക്കുകയും പ്രതിബന്ധങ്ങൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും വേണം. നടപ്പാതകളുടെ സുരക്ഷയും വഴിവിളക്കുകളും അറ്റകുറ്റപ്പണിയും ഉറപ്പാക്കാനുള്ള മുൻ ഉത്തരവുകൾ പാലിക്കാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. ജല അതോറിറ്റി കുത്തിപ്പൊളിച്ച ചിറ്റൂർ റോഡ് പൂർവസ്ഥിതിയിലാക്കണമെന്നും വഴിവിളക്കുകൾ ഇല്ലാത്തിടത്ത് സ്ഥാപിക്കണമെന്നുമുള്ള നിർദേശങ്ങൾ നടപ്പായില്ല. ഉദ്യോഗസ്ഥർ ശമ്പളം മാത്രം കാത്തിരിക്കാതെ ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുക്കണം. ഉത്തരവുകൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കലക്ടറോട് നിർദേശിച്ച കോടതി ഹരജി വീണ്ടും ഡിസംബർ ആദ്യവാരം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.