വൈ​റ്റി​ല-​കാ​ക്ക​നാ​ട് റൂ​ട്ടി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന ജ​ല​മെ​ട്രോ ബോ​ട്ട്

തടസ്സങ്ങളുടെ നിരത്തിൽ ഓട്ടോ-ടാക്സി; സാധ്യതയുടെ തീരത്ത് ജലഗതാഗതം

കൊച്ചി: രണ്ടാഴ്ച മുമ്പ് ഇടപ്പള്ളിയിലെ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിൽ രണ്ട് യുവാക്കൾ ബൈക്ക് കൊണ്ടുവന്നുവെച്ചു. അവിടെ നിന്ന് ബൈക്ക് അൽപം മാറ്റിവെക്കണമെന്ന് ഓട്ടോ ഡ്രൈവർമാർ ആവശ്യപ്പെട്ടു. ബൈക്കെടുത്ത് പോയ യുവാക്കൾ അൽപനേരം കഴിഞ്ഞ് സംഘം ചേർന്നെത്തി ഓട്ടോക്കാർക്ക് നേരെ ക്രൂര ആക്രമണം നടത്തി. ഓട്ടോ തൊഴിലാളികൾ നേരിടുന്ന പലവിധ പ്രശ്നങ്ങളിൽ ഒന്നുമാത്രമാണിത്. ഇന്ധന വിലവർധന മുതൽ കോവിഡ് വരെയുള്ള പ്രതിസന്ധികൾ ബാധിച്ചതോടെ വലിയ പ്രയാസങ്ങളാണ് മുന്നിലുള്ളത്. കോവിഡ്കാലത്തോടെ ജനം പൊതുഗതാഗതത്തോട് മുഖംതിരിച്ചപ്പോൾ ഓട്ടം തീരെ കുറഞ്ഞു. എറണാകുളം നഗരത്തിൽ നിലവിൽ പതിനയ്യായിരത്തോളം ഓട്ടോകളാണ് സവാരി നടത്തുന്നത്. നിരക്ക് വർധന ശിപാർശയുണ്ടെങ്കിലും അതും പര്യാപ്തമാകില്ലെന്നാണ് തൊഴിലാളികൾ വ്യക്തമാക്കുന്നത്.

ഒരുലിറ്റർ ഡീസലിന് 65 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാർജ് 25 രൂപയാക്കിയത്. ഇപ്പോൾ ഡീസൽ വില 100നോട് അടുക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ അഞ്ച് രൂപയുടെ മാത്രം വർധന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതാകില്ല. എന്നാൽ, വർധന അധികമായാൽ പൊതുജനം കൂടുതൽ അകലും. സ്പെയർപാർട്സി‍െൻറ തുകയിലുണ്ടായ വർധനയാണ് മറ്റൊന്ന്. ചുരുങ്ങിയ ചെലവിൽ അറ്റകുറ്റപ്പണി നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വൻ തുക ആവശ്യമായി വരുന്നു. കോവിഡ്കാലത്തോടെ വഴിയോരക്കച്ചവടം, മീൻ കച്ചവടം തുടങ്ങിയ മേഖലകളിലേക്ക് തൊഴിലാളികളിൽ വലിയൊരു വിഭാഗം മാറിയിരിക്കുന്നു. ഇൻഷുറൻസ്, റീ ടെസ്റ്റ് എന്നിവക്കും ഭീമമായ തുകയാണ് വേണ്ടിവരുന്നത്. 400 രൂപ റീടെസ്റ്റ് ഫീസുണ്ടായിരുന്നത് നാലായിരത്തോളമായി വർധിക്കുകയാണെന്നും എ.ഐ.ടി.യു.സി എറണാകുളം മണ്ഡലം സെക്രട്ടറി വി.എസ്. സുനിൽകുമാർ ചൂണ്ടിക്കാട്ടി. ഇൻഷുറൻസിന് നാല് വർഷം മുമ്പ് വരെ 1200 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 8500 വരെയെത്തി. ഓട്ടോകൾക്ക് കൊച്ചി കേന്ദ്രീകരിച്ച് സൊസൈറ്റി രൂപവത്കരിച്ചിരുന്നു.

എന്നാൽ, കോവിഡ്കാലത്തോടെ അതും നിശ്ചലമായി. മെട്രോ സ്റ്റേഷൻ കേന്ദ്രീകരിച്ച് സവാരി നടത്തിയിരുന്ന ഇലക്ട്രിക് ഓട്ടോകളും നിരത്തൊഴിഞ്ഞു. ഉബർ, ഒല സർവിസുകളിൽ ഇപ്പോൾ ഓട്ടോകളുണ്ട്. ഓൺലൈൻ ടാക്സികൾ മാറ്റിനിർത്തിയാൽ മുമ്പുണ്ടായിരുന്ന കാർ ടാക്സി സർവിസുകൾ അപ്രത്യക്ഷമായ സ്ഥിതിയാണ്. ഏറ്റവുമധികം ആളുകൾ വഴിയോര കച്ചവടത്തിലേക്ക് തിരിഞ്ഞത് ടാക്സി മേഖലയിൽനിന്നായിരുന്നു. നഷ്ടത്തിലായവർ കിട്ടിയ വിലയ്ക്ക് കാറുകൾ വിറ്റു. ടൂറിസം മേഖല കൂടുതൽ സജീവമാകുന്നതോടെ തിരിച്ചുവരവുണ്ടാകുമെന്നാണ് ഡ്രൈവർമാരുടെ പ്രതീക്ഷ.

ജലമെട്രോയും ടൂറിസവും ഒരുമിക്കണം

കോടികൾ മുടക്കി യാഥാർഥ്യമാക്കുന്ന ജലമെട്രോ പദ്ധതിയിലൂടെ സാമ്പത്തിക നേട്ടമുണ്ടാകണമെങ്കിൽ ടൂറിസവുമായി ബന്ധപ്പെടുത്തണം. കൊച്ചിയുടെ ഉൾനാടൻ ജലഗതാഗതത്തെക്കുറിച്ച് വിദേശ സഞ്ചാരികൾക്ക് അടുത്തറിയാനുള്ള അവസരം ഇതിലൂടെ സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ മികച്ച വരുമാനം കണ്ടെത്തുകയും ചെയ്യാം. ഉയർന്ന തുകയാണ് യാത്രനിരക്കായി നിശ്ചയിക്കപ്പെടുന്നതെങ്കിൽ കൗതുകത്തിനപ്പുറം സാധാരണ യാത്രക്കാർ അകന്നുപോകാനുള്ള സാധ്യതയുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പി‍െൻറ നിലവിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം മുപ്പത്തയ്യായിരത്തോളമാണ്. വൈറ്റില-കാക്കനാട് റൂട്ടിൽ എസ്.ഡബ്ല്യു.ടി.ഡി നടത്തിയിരുന്ന ബോട്ട് സർവിസിൽ 300 പേർ മാത്രമായിരുന്നു യാത്രക്കാർ. പതിനായിരം രൂപയോളം ചെലവും 2000 രൂപ വരുമാനവും ലഭിക്കുന്ന സാഹചര്യമായിരുന്നു. അതിനാൽ ടൂറിസം മേഖലയുമായുള്ള കൃത്യമായ സഹകരണം പദ്ധതിയുടെ മുന്നോട്ടുപോക്കിന് വലിയ പ്രാധാന്യം വഹിക്കുമെന്നതിൽ തർക്കമില്ല.

ജനങ്ങളെ വലച്ച് റോ റോ

വൈപ്പിൻ-ഫോർട്ട്കൊച്ചി റൂട്ടിലെ രണ്ട് റോ റോ ജങ്കാറുകളിൽ ഒന്ന് ഒരുമാസമായി സർവിസ് നടത്താതിരിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെക്കുന്നത്. അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞാണ് ഒരു ജങ്കാർ ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്നത്. ദിവസേന ആ‍യിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും ഉപയോഗപ്പെടുത്തുന്ന യാത്രമാർഗമാണിത്. ഒരെണ്ണം സർവിസ് നിർത്തിവെച്ചപ്പോൾ മേഖലയിൽ ജനങ്ങളുടെ യാത്രക്ലേശം രൂക്ഷമായി. ഫോർട്ട്കൊച്ചിയിലുള്ള കൊച്ചി താലൂക്ക് ഓഫിസ്, ലേബർ ഓഫിസ്, സപ്ലൈ ഓഫിസ്, വൈപ്പിനിലെ എംപ്ലോയ്മ‍െന്‍റ് ഓഫിസ്, ഫിഷറീസ് ഓഫിസ്, വിവിധ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് പോകേണ്ട ജനങ്ങൾ അക്ഷരാർഥത്തിൽ വലഞ്ഞു. കൊച്ചി കോർപറേഷ‍െൻറ ഉടമസ്ഥതയിലാണ് ജങ്കാർ. കിൻകോയാണ് സർവിസ് നടത്തുന്നത്. ലാഭവിഹിതത്തി‍െൻറ പേരിൽ ഇവർക്കിടയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. കോർപറേഷൻ നേരിട്ട് സർവിസ് നടത്തിയാൽ തർക്കത്തിന് പരിഹാരമാകുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. മൂന്നാമത് ഒരു ജങ്കാറാണ് നിർദേശിക്കുന്ന മറ്റൊരു പരിഹാരം.

ജലമെട്രോയിലെ പ്രതീക്ഷകൾ

എറണാകുളത്ത് ഏറ്റവുമധികം സാധ്യതകളുള്ളത് ജലഗതാഗതത്തിനാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഇതുവരെ അത് പ്രയോജനപ്പെടുത്തുന്നതിന് നടപടിയുണ്ടായിട്ടില്ല. ചെലവ് ചുരുങ്ങിയ ഈ ഗതാഗതമാർഗം കാലം പിന്നിട്ടപ്പോൾ എറണാകുളത്ത് വെട്ടിച്ചുരുക്കപ്പെടുകയാണുണ്ടായത്. ജലഗതാഗത സാധ്യതകൾ മതിയാവോളം പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയാണ് ജലമെട്രോ യാഥാർഥ്യമാകാനിരിക്കുമ്പോൾ കൊച്ചിക്കുള്ളത്.

ജലമെട്രോ 2020 മാർച്ചിൽ യാഥാർഥ്യമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, 2022 മാർച്ച് എത്തിയപ്പോഴും സർവിസ് ആരംഭിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കൊച്ചി കപ്പൽശാലയാണ് ബോട്ടുകൾ നിർമിച്ച് കൈമാറുന്നത്. നിലവിൽ ലഭിച്ച ഒരു ജലമെട്രോ ബോട്ട് വൈറ്റില-കാക്കനാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തുകയാണ്. വിവിധ ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലമെട്രോ പൂർണ തോതിൽ യാഥാർഥ്യമാകുമ്പോൾ ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നതിൽ സംശയമില്ല. 76 കി.മീറ്ററിൽ 38 ടെർമിനലിനെ ബന്ധിപ്പിച്ച് 78 ബോട്ടാണ് ജലമെട്രോക്കായി ഒരുങ്ങുന്നത്. ഇതിൽ 23 എണ്ണം 100പേർക്ക് യാത്ര ചെയ്യാവുന്നതാണ്. രണ്ട് ബോട്ടുകൂടി കൊച്ചി കപ്പൽശാല ഉടൻ കെ.എം.ആർ.എല്ലിന് കൈമാറുമെന്ന് അധികൃതർ പറഞ്ഞു. കാക്കനാട്, വൈറ്റില, ഏലൂർ എന്നിങ്ങനെ മൂന്ന് ടെർമിനലുകളുടെ നിർമാണമാണ് പൂർത്തിയായത്. വൈപ്പിൻ, ബോൾഗാട്ടി, ഹൈകോർട്ട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ എന്നിവയുടെ നിർമാണം ജൂണോടെ പൂർത്തിയാകുമെന്നാണ് അധികൃതരുടെ വിശദീകരണം. 820 കോടി രൂപയാണ് ജലമെട്രോയുടെ ആകെ ചെലവായി കണക്കാക്കുന്നത

Tags:    
News Summary - Auto-taxi on the road to obstacles; Water transport on the shores of possibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.