കൊച്ചി: ഗോശ്രീ പാലത്തിലെ ബോൾഗാട്ടി റൗണ്ട് അപകട മേഖലയാകുന്നു. ഗോശ്രീ രണ്ടാം പാലത്തിന്റെ ബോൾഗാട്ടി ഭാഗത്തെ ഇറക്കം ഇറങ്ങുന്ന വളവാണ് അപകട മേഖലയായത്. അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകട കാരണമാകുന്നത്. ഒരുമാസത്തിനിടെ ഇവിടെ ഏഴ് അപകടമാണുണ്ടായത്.
ചൊവ്വാഴ്ച രാവിലെ രണ്ട് അപടമുണ്ടായി. നിയന്ത്രണംവിട്ട കാർ മീൻ കയറ്റിയ ഗുഡ്സ് ആപെയിലും ആപെ സ്വകാര്യ ബസിലുമാണിടിച്ചത്. രാവിലെ ഏഴോടെ നടന്ന ഈ അപകടത്തിന് തൊട്ടുപിന്നാലെ ഇവിടെത്തന്നെ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു.
വൈപ്പിൻ, വല്ലാർപാടം ഭാഗങ്ങളിലേക്കുള്ള ബസുകളടക്കമുള്ള വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഇതോടൊപ്പം കണ്ടെയ്നറുകളും ഉണ്ടാകും. എന്നാൽ, പുലർച്ച ഇതുവഴി തിരക്ക് കുറവായതിനാൽ വാഹനങ്ങൾ അമിതവേഗത്തായിലായിരിക്കും. ഇറക്കത്തിലെ കൊടുംവളവിലെത്തി പെട്ടെന്ന് ബ്രേക്കിടുമ്പോഴാണ് നിയന്ത്രണംവിട്ട് അപകടങ്ങളുണ്ടാകുന്നത്. നിയന്ത്രണംവിടുന്ന വാഹനങ്ങൾ മുന്നിൽ പോകുന്ന വാഹനങ്ങളിലോ അല്ലെങ്കിൽ മീഡിയനിലോ ഇടിക്കുകയാണ് പതിവ്.
ബോൾഗാട്ടി റൗണ്ടിൽ ചൊവ്വാഴ്ച രാവിലെ 6.45ഓടെയാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട കാർ തൊട്ട് മുന്നിൽ മീൻ കയറ്റിപോയ ആപെ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം മീഡിയനിലിടിച്ച് തീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വട്ടംതിരിഞ്ഞ ഗുഡ്സ് ആപെ പിന്നാലെ വന്ന സ്വകാര്യ ബസിലുമിടിച്ചു.
അപകടത്തിൽ ആപ്പെയിലുണ്ടായിരുന്ന കുന്നത്തുനാട് സ്വദേശികളായ അലിക്കുഞ്ഞ്, അബ്ദുൾ റഹ്മാൻ എന്നിവർക്കും കാറോടിച്ച പള്ളിക്കര സ്വദേശി വിനീതിനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മുളവുകാട് പൊലീസെത്തി വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.