ആലുവ: ഹൈകോടതിയെ വെല്ലുവിളിച്ച് അനധികൃത ഓട്ടോ സ്റ്റാൻഡ് ഒഴിയാതെ ഡ്രൈവർമാർ. ഹൈകോടതി ഉത്തരവുണ്ടായിട്ടും മെട്രോ സ്റ്റേഷന് മുന്നിലെ ഓട്ടോസ്റ്റാൻഡ് ഒഴിയാൻ ഡ്രൈവർമാർ തയാറാകുന്നില്ല. അനധികൃത ഓട്ടോ സ്റ്റാൻഡിന് പൊലീസ് അടക്കം അധികാരികൾ ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട്.
മെട്രോ സ്റ്റേഷന് മുന്നിലെ ഓട്ടോറിക്ഷ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് നഗരസഭ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഒരു മാസമായിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല. യൂനിയൻ നേതാക്കളുടെ സ്വാധീനത്താലാണ് പൊലീസ് ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ തയാറാകാത്തതെന്നാണ് ആരോപണം.
മെട്രോ സ്റ്റേഷന് മുന്നിലെ സർവിസ് റോഡിലെ പാർക്കിങ്ങാണ് ഹൈകോടതി നിരോധിച്ചിട്ടുള്ളത്. ഇവിടുത്തെ പാർക്കിങ്ങിനെതിരെ ഹൈകോടതിയിൽ ഫയൽ ചെയ്തിരുന്ന 7473/2019 കേസിൽ കഴിഞ്ഞ ഒക്ടോബർ 26നാണ് വിധി പ്രസ്താവിച്ചത്. മെട്രോ സ്റ്റേഷന് മുന്നിൽ പിക്അപ് ആൻഡ് ഡ്രോപ് സൗകര്യം മാത്രമെ അനുവദിച്ചിട്ടുള്ളൂവെന്ന് കെ.എം.ആർ.എൽ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.
ഈ ഭാഗത്ത് പാർക്കിങ് ഏരിയ അനുവദിച്ചിട്ടില്ലെന്ന് റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലുവയിലെ മെട്രോ സ്റ്റേഷന് മുന്നിലെ ദേശീയപാത സർവിസ് റോഡിലെ അനധികൃത പാർക്കിങ്ങും ഓട്ടോ, ടാക്സി സ്റ്റാൻഡുകളെയും കൈയേറ്റങ്ങളെയും നിരോധിച്ച് ഹൈകോടതി (7473 / 2021) വിധിയുണ്ടായത്. വിധി അനുസരിച്ച് ഇവിടെ പിക് ആൻഡ് ഡ്രോപ് ഫെസിലിറ്റി മാത്രമേയുള്ളൂ. ഈ വിധി ഇതുവരെയായി നടപ്പാക്കാൻ അധികാരികൾ തയാറാകുന്നില്ലെന്ന് പരാതി നൽകിയിരുന്നവർ പറയുന്നു.
ദേശീയപാത ബൈപാസ് മേൽപാലത്തിന് താഴ്ഭാഗത്ത് അനധികൃത ഓട്ടോകൾക്ക് പൊലീസ് ഏതാനും വർഷം മുമ്പ് സ്റ്റാൻഡ് ഒരുക്കിയിരുന്നു. ഇതാണ് പിന്നീട് വലിയ തലവേദനയായത്.
ചില യൂനിയൻ നേതാക്കളുടെ ഒത്താശയോടെ ആരംഭിച്ച ഈ സ്റ്റാൻഡിൽനിന്നാണ് മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോകൾ കൊണ്ടിടുന്നത്.
സ്റ്റേഷന് മുന്നിലെ ദേശീയപാത സർവീസ് റോഡിൽ ഇതുമൂലം ഗതാഗതക്കുരുക്ക് പതിവാണ്. സ്റ്റേഷന്റെ എതിർവശത്തായും റോഡ് കൈയേറി ഓട്ടോകൾ നിരത്തിയിടുന്നുണ്ട്. നഗരത്തിൽനിന്ന് ദേശീയപാതയിലേക്കുള്ള വാഹനങ്ങളെല്ലാം ഈ വഴിയാണ് പോകുന്നത്. സ്റ്റേഷനിലെത്തുന്ന ബസ് അടക്കം വലിയ വാഹനങ്ങളും ഇവിടെയുണ്ടാകും.
ഓട്ടോകൾ പാർക്ക് ചെയ്യുന്നതിനാൽ വലിയ വാഹനങ്ങൾ നടുറോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് മെട്രോ യാത്രക്കാർക്കും ദുരിതമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.