കൊച്ചി: നഗരത്തിലെ പ്രധാന റോഡുകളിലെ നടപ്പാതകളുടെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർക്ക് ഹൈകോടതി നിർദേശം. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. കഴിഞ്ഞ ശനിയാഴ്ച പാലാരിവട്ടത്ത് ഓടയുടെ സ്ലാബിനിടയിൽ കാൽനടക്കാരിയുടെ കാൽകുടുങ്ങിയ സംഭവവും കോടതി ഇടപെടലിന് കാരണമാണ്. ഭാഗികമായി തുറന്നുകിടന്ന ഓടയിൽ വീഴാതെ സ്ത്രീ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് കോടതി വാക്കാൽ പറഞ്ഞു. തക്കസമയത്ത് സഹായം കിട്ടിയതാണ് തുണയായത്.
നഗരത്തിലെ നടപ്പാതകളുടെ സ്ഥിതി പരിതാപകരമാണ്. വെള്ളക്കെട്ടുണ്ടാകുമ്പോൾ റോഡും കാനയും തമ്മിൽ തിരിച്ചറിയാത്ത സ്ഥിതിയുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. മാസങ്ങൾക്ക് മുമ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഫുട്പാത്ത്’ ബന്ധപ്പെട്ടവർ വലിയതോതിൽ അവഗണിച്ചെന്നും കോടതി ഓർമ്മിപ്പിച്ചു. ഇത് കേവലം ഡ്രെയ്നേജ് പ്രശ്നമല്ല. പൗരന്മാരുടെ സുരക്ഷക്ക് ഭീഷണിയാകുന്ന വിഷയമാണ്. കോർപ്പറേഷൻ, കൊച്ചി മെട്രോ, പൊതുമരാമത്ത് വിഭാഗങ്ങൾക്ക് ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പാലാരിവട്ടത്ത് അപകടമുണ്ടായത് പൊതുമരാമത്ത് റോഡിലാണെന്നും പരിപാലനച്ചുമതല കൊച്ചി മെട്രോക്കാണെന്നും കോർപ്പറേഷൻ അറിയിച്ചു. തുടർന്ന്, നഗരത്തിലെ കാനകളുടെ ജോലി എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് അറിയിക്കാൻ മെട്രോ സമയം തേടി. വിഷയം 10 ദിവസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി. എം.ജി. റോഡിലെ കാന പുനർനിർമാണത്തിന് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചു. കാൽനട സൗഹൃദ ഫുട്പാത്തുകളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കി. തുടർന്ന് ഈ എസ്റ്റിമേറ്റിലെ തുടർനടപടി സംബന്ധിച്ച പുതിയ വിവരം സർക്കാർ അറിയിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.