മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബറിൽ തൊഴിലാളികളുടെ കൂലിയെച്ചൊല്ലി തൊഴിലാളി യൂനിയനും പഴ്സീൻ നെറ്റ് ബോട്ടുടമ അസോസിയേഷനും തമ്മിൽ തർക്കം. ഹാർബറിലെ വെള്ളം കോരി വിഭാഗം തൊഴിലാളികൾക്ക് പിടിക്കുന്ന മത്സ്യത്തിന്റെ മൂല്യത്തിനനുസരിച്ച് രണ്ടുശതമാനം കൂലിയാണ് നൽകിവരുന്നത്. നേരത്തേ ഇത് ബോട്ടിലെ തൊഴിലാളികളും ഉടമകളും ചേർന്നാണ് നൽകിയിരുന്നത്. എന്നാൽ, ഇതിൽനിന്ന് ബോട്ടിലെ തൊഴിലാളികൾ പിന്മാറിയതോടെ ബോട്ടുടമകളാണ് ഇത് നൽകുന്നത്.
ഡീസൽ ചെലവ് ഉൾപ്പെടെ വർധിച്ച സാഹചര്യത്തിൽ ഇത്തരത്തിൽ നൽകാൻ കഴിയില്ലെന്നും പ്രവർത്തനച്ചെലവ് കഴിച്ച് ബാക്കി ലഭിക്കുന്ന പണത്തിന്റെ രണ്ടുശതമാനം നൽകാനേ കഴിയൂവെന്ന് പഴ്സീൻ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇത് സംബന്ധിച്ച് യൂനിയൻ നേതൃത്വത്തെ രേഖാമൂലം ധരിപ്പിച്ചിട്ടും ചർച്ച നടത്താമെന്ന് പറയുകയല്ലാതെ തീരുമാനമൊന്നുമാകാത്ത സാഹചര്യമാണെന്നും അസോസിയേഷൻ നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്കുള്ള കൂലി പ്രവർത്തനച്ചെലവ് കഴിച്ച് രണ്ടുശതമാനം മാറ്റിവെക്കുമെന്നും പ്രശ്നത്തിൽ ധാരണയാകുന്ന മുറക്ക് നൽകുമെന്നും അസോസിയേഷൻ പ്രസിഡന്റ് സിബി പുന്നൂസ് പറഞ്ഞു.
കെ.ജെ. മാക്സി എം.എൽ.എ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ആഗസ്റ്റ് 30 വരെയും സമയം ചോദിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ആരുടെയും തൊഴിൽ നിഷേധിക്കുകയല്ലെന്നും പ്രശ്നത്തിൽ തീരുമാനം ഉണ്ടായി കഴിഞ്ഞാൽ കൂലി നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. മറ്റ് ഹാർബറുകളിൽ ഇത്തരത്തിൽ പ്രശ്നമില്ലെന്നും അസോസിയേഷൻ ഭാരവാഹികളായ ടി.കെ. മനാഫ്, റോയി, കെ.എ. അബ്ദുൽ മജീദ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.