കൊച്ചി: 11 വർഷത്തെ കാത്തിരിപ്പിനൊടുവിലും പൂർത്തിയാകാതെ ചാത്തനാട്-കടമക്കുടി പാലം. അശാസ്ത്രീയ നിർമാണത്തിൽ വലഞ്ഞ് നാട്ടുകാർ. പറവൂർ, വൈപ്പിൻ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
പാലം പൂർത്തിയാകുന്നതോടെ പറവൂരിൽനിന്ന് കൊച്ചി നഗരത്തിലെത്താൻ ഒമ്പത് കിലോമീറ്ററിന്റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, വീരൻപുഴക്ക് കുറുകെ പാലം നിർമിച്ചെങ്കിലും നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. അപ്രോച്ച് റോഡിനായി ഏറ്റെടുത്ത ഭാഗത്തേക്കല്ല പാലം ചെന്നുചേരുന്നത് എന്നതാണ് ഇതിൽ ഏറെ വിചിത്രം.
ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ് പാലം നിർമാണം ആരംഭിച്ചത്. 54 കോടി ചെലവഴിച്ചുള്ള പ്രവർത്തികൾക്ക് ഗോശ്രീ അതോറിറ്റിയാണ് ചുക്കാൻ പിടിച്ചത്. എന്നാൽ, പുഴയിൽ പാലം നിർമാണമാരംഭിച്ചെങ്കിലും അപ്രോച്ച് റോഡ് ഏറ്റെടുക്കുന്നതിലെ സാങ്കേതികത്തത്തെ ചൊല്ലി ആറ് വർഷത്തോളം നിർമാണം നിലച്ചു.
പിന്നീട് അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്ത ശേഷം 2022ലാണ് നിർമാണ പ്രവർത്തികൾ പുനരാരംഭിച്ചത്. എന്നാൽ, ആദ്യഘട്ടത്തിൽ 30 മീറ്ററായിരുന്നു റോഡിന് വീതി നിശ്ചയിച്ചിരുന്നതെങ്കിൽ പിന്നീടത് 20 മീറ്ററായി കുറച്ചു. പാലത്തിന് 11 മീറ്റർ വീതി ആയതിനാലാണ് ഈ തീരുമാനമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
ഇതിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെ വ്യക്തി താൽപര്യമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഒമ്പത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ് ഇവിടെ ഭൂമി ഏറ്റെടുത്തത്.
ഏറെ പ്രതീക്ഷയോടെ കൊണ്ട് വന്ന പദ്ധതിയുടെ അശാസ്ത്രീയതക്ക് പിന്നിൽ അഴിമതി താൽപര്യങ്ങളാണെന്ന് നാട്ടുകാരുടെ ആരോപണം.
നിർമാണത്തിലും ഭൂമി ഏറ്റെടുക്കലിലുമെല്ലാം ഇത്തരം താൽപര്യങ്ങൾ കടന്നുകയറിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഏറ്റെടുത്ത ഒരു വ്യക്തിയുടെ ഭൂമിയിൽ ബാക്കി കിടക്കുന്ന 5.5 സെൻറ് സ്ഥലം കൂടി ഏറ്റെടുത്താൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന എസ് വളവ് ഒരു പരിധി വരെ കുറക്കാൻ കഴിയുമെന്നാണ് പ്രദേശവാസികളുടെ വാദം. ഇത് ഏറ്റെടുക്കണമെന്ന അവരുടെ ആവശ്യത്തെ അധികൃതർ നിരാകരിക്കുകയാണ്. എന്നാൽ അശാസ്ത്രീയത തീർക്കാതെ നിർമാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.
പാലം പണി പൂർത്തിയായി കടമക്കുടിയിലേക്കെത്തിയപ്പോഴാണ് മറ്റൊരു അശാസ്ത്രീയത പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. അപ്രോച്ച് റോഡിനായി ഏറ്റെടുത്തിരിക്കുന്ന ഭൂമിയിലേക്ക് പാലം എത്തുന്നില്ല. ഇവിടേക്ക് പാലം എത്തണമെങ്കിൽ എസ് ആകൃതിയിൽ കൊടും വളവ് രൂപപ്പെടും. ഇതോടൊപ്പം പുതുതായി ഭൂമിയും ഏറ്റെടുക്കേണ്ടിവരും. ഈ രിതിയിൽ നിർമാണം പൂർത്തിയാക്കിയാൽ പ്രദേശം അപകടമേഖലയാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചായത്ത് റേഡിന് വീതികുറവായതിനാൽ തുടർ ഗതാഗതവും പ്രശ്നത്തിലാകും. അശാസ്ത്രീയത നിർമാണഘട്ടത്തിൽ തന്നെ ചൂണ്ടിക്കാണിച്ചതാണെങ്കിലും അധികൃതർ അവഗണിക്കുകയാണെന്നും അവർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കലക്ടർ ഇടപെട്ട് പ്രശ്നത്തെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ പ്രദേശത്ത് സന്ദർശനം നടത്തി മടങ്ങിയിട്ടുണ്ട്. എന്നാലിത് പ്രഹസനമാകുമെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.