കൊച്ചി: എറണാകുളം ജനറലാശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയതിനാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾ, ഫാക്ടറികൾ, കമ്പനികൾ, ആശുപത്രികൾ ഇവയിൽ നിന്ന് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത സ്ഥാപനങ്ങൾക്കാണ് അവാർഡ്. ചൊവ്വാഴ്ച കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന പരിസ്ഥിതി ദിനാചരണ ഭാഗമായുള്ള ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷായും ജീവനക്കാരും ഒരു ലക്ഷം രൂപ കാഷ് അവാർഡും ഫലകവും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങും.
ആശുപത്രി വിഭാഗത്തിൽ 500 കിടക്കകൾക്ക് മുകളിലുള്ള ആശുപത്രി എന്ന ഇനത്തിൽ വേസ്റ്റ് മാനേജ്മെൻറ്, മാലിന്യ നിർമാർജ്ജനത്തിൽ ജീവനക്കാരുടെ പങ്കാളിത്തം, നൂതന ആശയങ്ങൾ സാധ്യമാക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിയന്ത്രണവും സംസ്കരണവും പുനഃരുപയോഗവും, ഇ-വേസ്റ്റ് മാനേജ്മെൻറ് തുടങ്ങി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് ആധാരം. നേരത്തെ അഞ്ചു തവണ സംസ്ഥാന മലിനീകരണ നിയന്ത്രണ പുരസ്കാരം ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. ഏഴുവർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നേട്ടമെത്തുന്നത്.
ആശുപത്രിയിലെ ജൈവമാലിന്യങ്ങളെ എയ്റോബിക് കമ്പോസ്റ്റിലൂടെയും വിൻഡ്രോ കമ്പോസ്റ്റിലൂടെയും ബയോഗ്യാസ് പ്ലാൻറിലൂടെയും വളമാക്കിമാറ്റാനും ആശുപത്രികളിലെ പച്ചക്കറിത്തോട്ടങ്ങൾക്കും, ഔഷധോദ്യാനത്തിനും, പൂന്തോട്ടത്തിനും കോർപ്പറേഷന് കീഴിലെ സുഭാഷ് പാർക്കിലെ ചെടികൾക്കും മരങ്ങൾക്കും വളമാക്കുന്ന പ്രക്രിയ ഇവിടെയുണ്ട്. കൂടാതെ പ്ലാസ്റ്റിക് അഞ്ചോളം വിവിധ കാറ്റഗറികളിലായി തിരിച്ച് അംഗീകൃത ഏജൻസി മുഖാന്തരം പുനഃരുപയോഗിക്കുന്നുണ്ട്. ആശുപത്രി ജൈവമാലിന്യങ്ങൾ ശാസ്ത്രീയ രീതിയിൽ സംസ്കരിക്കുക, ആശുപത്രി ജന്യരോഗങ്ങളിൽ നിന്ന് രോഗികളെയും കൂട്ടിരുപ്പുകാരെയും സംരക്ഷിക്കുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് അവാർഡിനായി മലിനീകരണ ബോർഡ് വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.