ഫോർട്ട്കൊച്ചി: സർക്കാർ നൽകിയ ഉറപ്പിൽ ചീനവല നവീകരിച്ചു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും പണം നല്കാതെ ടൂറിസം വകുപ്പ് വഞ്ചിക്കുന്നതായി പരാതി. കലക്ടറുടെയും എം.എൽ.എയുടെയും വാക്ക് വിശ്വസിച്ച് ചീനവലയുടെ പൈതൃക സംരക്ഷണത്തിനിറങ്ങിയ ഉടമ വിൻസെന്റിനാണ് പലിശക്ക് പണം വാങ്ങി ചീനവല നവീകരിച്ച കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പണം കിട്ടാതെ നെട്ടോട്ടമോടുന്നത്. പത്ത് ദിവസത്തിനകം പണം തരുമെന്ന് അധികൃതർ നൽകിയ ഉറപ്പിലാണ് മത്സ്യത്തൊഴിലാളിയായ വിൻസെന്റ് ചീനവല പുനർനിർമിച്ചത്. എന്നാൽ, 12 മാസവും 10 ദിവസവും പിന്നിട്ടിട്ടും പണം കിട്ടിയിട്ടില്ല.
കലക്ടറും സ്ഥലം എം.എൽ.എയും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് 2023 ജൂണിൽ കൊട്ടിഗ്ഘോഷിച്ച് ചീനവല പുനരുദ്ധാരണം ഉദ്ഘാടനം ചെയ്തിരുന്നു. കൊച്ചിയുടെ കൈയൊപ്പായ ചീനവല നവീകരണ പദ്ധതി ഉദ്ഘാടനം ഏറെ ആവേശം പകർന്നിരുന്നു. സർക്കാർ നൽകിയ തേക്ക്, തമ്പകം എന്നിവ ഉപയോഗിച്ചും കൈയിൽനിന്നും അഞ്ചര ലക്ഷം രൂപ ടൂറിസം വകുപ്പിന്റെ ഉറപ്പിൽ ചെലവാക്കിയുമാണ് നവീകരണം പൂർത്തീയാക്കിയത്. ചെലവ് സംബന്ധമായ ബില്ലുകൾ നിർമാണ ചുമതലക്കാരായ കിറ്റ്കോ മുഖാന്തരം ടൂറിസം വകുപ്പിന് നൽകുകയും ചെയ്തു.
എന്നാൽ, ഇതുവരെ പണം മാത്രം നൽകിയിട്ടില്ല. എം.എൽ.എ കൂടി ഇടപെട്ടതിനാൽ അദ്ദേഹത്തോട് പലകുറി പറഞ്ഞിട്ടും നടപടിയില്ലെന്ന് വിൻസെന്റ് പറഞ്ഞു. പലിശക്ക് പണമെടുത്താണ് പണി പൂർത്തിയാക്കിയതെന്നും കടം നൽകിയവർ തന്നെ ശല്യപ്പെടുത്തി കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ മണൽ തിട്ട രൂപപ്പെട്ട് ചീനവല ദിവസങ്ങളോളം കരയിലാകുകയും ചെയ്തു. നിലവിലാകട്ടെ പോളപായൽ നിറഞ്ഞതുമൂലം വലതാഴ്ത്താൻ കഴിയാത്ത അവസ്ഥയുമാണ്. ഇങ്ങിനെ ദുരിതം വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളിയായ വിൻസെന്റ് സർക്കാറിന്റെ ചീനവല നവീകരണ പദ്ധതി പ്രകാരം കുഞ്ഞപ്പൻ എന്ന മത്സ്യത്തൊഴിലാളി ചീനവല നിർമാണം ആരംഭിച്ചെങ്കിലും കുറ്റികൾ മാത്രം നാട്ടിയ ശേഷം പദ്ധതി നിലച്ചിരിക്കുകയാണ്. നാട്ടിയ കുറ്റികളാകട്ടെ നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.