കാക്കനാട്: തൃക്കാക്കര നഗരസഭ ആസ്ഥാനത്തോട് ചേർന്ന മാലിന്യ ശേഖരണ യാർഡിൽ വാർഡുകളിൽ നിന്ന് ശേഖരിച്ചെത്തുന്ന ഭക്ഷണ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് മാലിന്യശേഖരണം മുടങ്ങിയിട്ട് 15 ദിവസം പിന്നിട്ടു. ശനിയാഴ്ച്ച ഓട്ടോകളിൽ കൊണ്ടുവന്ന മാലിന്യം നിക്ഷേപിക്കാൻ സാധിക്കാതെ ഹരിതകർമ്മ സേന കുഴങ്ങി. ഹരിതകർമ സേനയും പ്രതിപക്ഷാംഗങ്ങളും ഹെൽത്ത് സൂപ്പർവൈസറെ കണ്ട് പരാതി ഉന്നയിച്ചെങ്കിലും മാലിന്യം ഇറക്കാൻ സാഹചര്യമൊരുക്കിയില്ല.
തുടർന്ന് പ്രതിപക്ഷവും ഹരിതകർമ സേനയും പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് ചന്ദ്രബാബുവും കൗൺസിലർ പി.സി. മനൂപും മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമൊരുക്കി കൊടുത്തതോടെയാണ് മാലിന്യം വാഹനങ്ങളിൽ നിന്ന് ഇറക്കാൻ സാധിച്ചത്. സ്വകാര്യ ഏജൻസി ദിവസവും 10 മുതൽ 13 ടൺ വരെ മാലിന്യം മാത്രമാണ് നഗരസഭയിൽ നിന്നെടുക്കുന്നത്. വാർഡുകളിൽ നിന്നും നഗരസഭയുടെ 20 ഓട്ടോകളിലായി എത്തിക്കുന്ന മാലിന്യം നഗരസഭ ആസ്ഥാനത്ത് തന്നെ ഇറക്കുകയാണ് ചെയ്യുന്നത്. 15 ദിവസത്തെ മാലിന്യം ഒരുമിച്ച് എത്തിയതും മാലിന്യം കുമിഞ്ഞുകൂടാനിടയായി.
സാധാരണ ഇത്തരത്തിൽ മാലിന്യം കുന്നുകൂടുമ്പോൾ പലയിടത്തായി നഗരസഭ ആരോഗ്യ വിഭാഗം കുഴിച്ചുമൂടിയിരുന്നു. നഗരസഭയിലും പ്രദേശത്തെ റോഡിലും അസഹനീയമായ ദുർഗന്ധമാണ്. പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നതിന് മുമ്പ് നഗരസഭയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ഇല്ലങ്കിൽ ശക്തമായ സമരം നടത്തുമെന്നും പ്രതിപക്ഷാംഗങ്ങൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.