പള്ളുരുത്തി: സജീഷ് വേണുഗോപാലിന് ചിരട്ട കിട്ടിയാൽ അത് സൈക്കിളും സ്കൂട്ടറും ഹെലികോപ്ടറും ആമയുമൊക്കെയായി മാറും. ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനായ സജീഷിെൻറ കരവിരുതിൽ രൂപപ്പെടുന്നത് നിരവധി കൗതുകവസ്തുക്കളാണ്. ലോക്ഡൗൺ കാലത്ത് നേരമ്പോക്കിനാണ് ചിരട്ടകളിൽ പരീക്ഷണം തുടങ്ങിയത്.
ആദ്യ ലോക്ഡൗൺ സമയത്ത് ഭാര്യക്ക് ചിരട്ടയുടെ മോതിരം നിർമിച്ചുനൽകിയായിരുന്നു തുടക്കം. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രോത്സാഹനവും കൂടിയായപ്പേൾ പലരൂപത്തിലുള്ള വസ്തുക്കൾ നിർമിക്കാൻ തുടങ്ങി. ബ്ലേഡ് ഉപയോഗിച്ച് ചിരട്ട പാകപ്പെടുത്തി ശേഷം തറയിൽ ഉരച്ചാണ് രൂപമാറ്റം വരുത്തുന്നത്.
വേറെ ഉപകരണങ്ങളൊന്നും നിർമാണത്തിന് ഉപയോഗിക്കാറില്ല. ഫിനിഷ് വർക്കിൽ പോളിഷിനു പകരം നല്ലെണ്ണയാണ് ഉപയോഗിക്കുന്നത്. നിർമിക്കാൻ ഉദ്ദേശിക്കുന്ന രൂപങ്ങൾ പേപ്പറിൽ വെട്ടിയെടുക്കും. അതിനു ശേഷമാണ് ചിരട്ട രൂപപ്പെടുത്തുന്നത്.
ക്ഷേത്രങ്ങൾ അടച്ചതോടെ വരുമാനം നിലച്ച അവസ്ഥയിലാണ് ഈ 33കാരൻ. പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിൽ തകിലുവാദകനായി താൽക്കാലിക ജോലിയുണ്ടായിരുന്നു. ഈ തസ്തികയിലേക്ക് സ്ഥിരനിയമനം വന്നതോടെ അതും നഷ്ടപ്പെട്ടു. അഴകിയകാവ് ക്ഷേത്രത്തിനു സമീപം വടക്കേ കളരിക്കൽ കുടുംബാംഗമാണ്. ക്ഷേത്രത്തിലെ തകിലു വാദ്യക്കാരനായിരുന്ന വേണുഗോപാലിെൻറ മകനാണ് സജീഷ്. ഇപ്പോൾ തൃച്ചാറ്റുകുളം തളിയപറമ്പിനടുത്താണ് താമസം. അമ്മ സുലോചനയും ഭാര്യ രേഷ്മയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. നാലുവയസ്സുകാരൻ ആദിദേവ് മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.