കൊച്ചി: മാലിന്യസംസ്കരണ പ്ലാന്റുകളല്ല, മാലിന്യമാണ് തകരാറെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാന്റുകള്‍ വരുന്നതുകൊണ്ട് പ്രത്യേകമായി ഒരു ആപത്തും വരാനില്ല. മാലിന്യം സംസ്കരിക്കാതിരുന്നാല്‍ നമുക്ക് തന്നെയാണ് അതിന്റെ ദോഷം. അത് മനസ്സിലാക്കി മാലിന്യസംസ്കരണത്തില്‍ മുന്‍കൈയെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജി.ഇ.എക്സ് കേരള 23ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ നമ്മുടെ നാട് പുരോഗതി നേടിയിട്ടുണ്ടെങ്കിലും ശുചിത്വ പരിപാലന രംഗത്ത് അത് ഉണ്ടാകുന്നില്ല. ഉയർന്ന വിദ്യാഭ്യാസം നേടിയവരിൽ നിന്നടക്കം ചിലർ എതിർക്കാൻ മുന്നോട്ടുവരുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍മിക്കും.
കേരളം സമ്പൂര്‍ണ വെളിയിട വിസര്‍ജ്യരഹിത സംസ്ഥാനമായി മാറിയെങ്കിലും കക്കൂസ് മാലിന്യ സംസ്കരണത്തിനുള്ള സൗകര്യമൊരുക്കുന്നതില്‍ പോരായ്മയുണ്ട്. തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും മാത്രമാണ് നിലവില്‍ കക്കൂസ് മാലിന്യ സംസ്കരണ സംവിധാനമുള്ളത്. അതും വേണ്ടത്ര പര്യാപ്തമല്ല. സ്ഥല ലഭ്യതയാണ് ഇതിനൊരു പ്രധാന വെല്ലുവിളി. ഉപഭോക്തൃസൗഹൃദ ഉറവിടമാലിന്യ സംസ്കരണ ഉപാധികള്‍, കമ്പോസ്റ്റിങ് വേഗം ത്വരിതപ്പെടുത്താനുള്ള ഇനോക്കുലം, പ്രത്യേകതരം മാലിന്യങ്ങളുടെ സംസ്കരണ ഉപാധികള്‍, മലിനജല/കക്കൂസ് മാലിന്യസംസ്കരണ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ ലഭ്യതയെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലായ്മ എന്നിവയും വെല്ലുവിളികളാണ്.
ചടങ്ങില്‍ മികച്ച മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ‘പുട്ടിങ് വേസ്റ്റ് ടു വര്‍ക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡന് എം.പി, എം.എല്‍.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ജില്ല കലക്ടര്‍ ഡോ. രേണുരാജ്, തദ്ദേശ സ്വയംഭരണ ഡയറക്ടര്‍മാരായ എച്ച്. ദിനേശന്, അരുണ്‍ കെ. വിജയന്, കെ.എസ്.ഡബ്ല്യു.എം.പി പ്രോജക്ട് ഡയറക്ടര്‍ ഡോ. അദീല അബ്ദുല്ല, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, കേരള മുനിസിപ്പല്‍ ചെയര്‍മെന്‍സ് ചേംബര്‍ ചെയര്മാന് എം. കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് ബി.പി. മുരളി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കെ.എം. ഉഷ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ സി.പി. പ്രമോദ് കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയര്‍ കെ. ജോണ്സണ്, ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ ജി.ജെ. സുരേഷ് കുമാര്‍, ജിസ് ഇന്ത്യ പ്രോജക്ട് ഹെഡ് വൈശാലി നന്ദന്, യൂനിസെഫ് സോഷ്യല്‍ പോളിസി ചീഫ് കെ.എല്‍. റാവു, ശുചിത്വ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
ഖര-ദ്രവ്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന് ഗ്ലോബല്‍ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.