കൊച്ചി: ജവഹർലാൽ നെഹ്റു ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ഉച്ചക്ക് രണ്ടുമുതൽ കൊച്ചി സിറ്റി ട്രാഫിക് പൊലീസ് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങൾ നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലെത്തണം. വടക്കൻ ജില്ലകളിൽനിന്നെത്തുന്നവർ ആലുവ മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്ന പാർക്കിങ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽനിന്ന് വരുന്നവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ ടെർമിനൽ, വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ ആളെ ഇറക്കി അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴ ഭാഗത്ത് നിന്നെത്തുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിലെ പാർക്കിങ് ഏരിയകളിലും മറ്റും പാർക്ക് ചെയ്യണം. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ളവർ വാഹനങ്ങൾ മറൈൻഡ്രൈവ് പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങൾക്ക് നഗരത്തിനുള്ളിൽ പ്രവേശനമുണ്ടായിരിക്കില്ല.
വൈകീട്ട് അഞ്ചിനുശേഷം എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിൽ എത്തി യാത്ര ചെയ്യണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷൻ, എസ്.എ റോഡ് വഴി യാത്ര ചെയ്യണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.