കൊച്ചി: ജനകീയ ഹോട്ടലുകളിലെ സബ്സിഡി നിർത്തലാക്കാൻ കാരണമായത് മാനദണ്ഡങ്ങളുടെ അഭാവം. വ്യക്തമായ മാദണ്ഡങ്ങളില്ലാതെ സബ്സിഡി നൽകിയതാണ് ഒന്നാം പിണറായി സർക്കാറിന്റെ ജനപ്രിയ തീരുമാനങ്ങളിലൊന്നായ ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡിയിൽനിന്ന് രണ്ടാം പിണറായി സർക്കാർ പിൻവാങ്ങാൻ കാരണം.
ജനകീയ ഹോട്ടലുകളിലെ ഊണുകളുടെ നിരക്ക് മുപ്പത് രൂപയാക്കാനും ഊണൊന്നിന് പത്ത് രൂപ പ്രകാരമുള്ള സബ്സിഡി നിർത്താനും കഴിഞ്ഞ ദിവസമാണ് സർക്കാർ തീരുമാനിച്ചത്. ഈ മാസം ഒന്നു മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് തീരുമാനം.
സംസ്ഥാനത്ത് ആയിരത്തി ഇരുനൂറോളം ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇവിടങ്ങളിൽ വിറ്റഴിക്കപ്പെടുന്ന ഊണുകളുടെ യഥാർഥ കണക്കറിയാൻ സംവിധാനമില്ല. പരിശോധനക്കായി ബ്ലോക്ക് കോഓഡിനേറ്റർമാരെയും മൈക്രോ എൻറർപ്രൈസ് കൺസൾട്ടൻറ്മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് നടത്തിപ്പുകാരായ കുടുംബശ്രീയുടെ വിശദീകരണം. എന്നാൽ, ഒരു ബ്ലോക്കിൽ ഒരു കോഓഡിനേറ്റർ മാത്രമാണുള്ളതെന്നിരിക്കെ ആ ബ്ലോക്കിന് കീഴിലെ മുഴുവൻ പഞ്ചായത്തുകളിലെയും ജനകീയ ഹോട്ടലുകളിൽ ദിനം പ്രതി പരിശോധനയെന്നത് പ്രായോഗികമല്ല.
ചാർജ് ഓഫിസർമാരുടെ നേതൃത്വത്തിൽ എല്ലാ ഹോട്ടലുകളിലും ഒരേ സമയം നടത്തുന്ന പരിശോധനയാണ് മറ്റൊന്ന്. ഇതും വളരെ അപൂർവമായേ നടക്കാറുള്ളൂ. ഈ സാഹചര്യത്തിലാണ് യഥാർഥത്തിൽ വിൽക്കുന്ന ഊണിന്റെ എണ്ണവും സബ്സിഡിക്കായി സമർപ്പിക്കുന്ന എണ്ണവും തമ്മിലുള്ള അന്തരം കണ്ടുപിടിക്കാൻ വഴികളില്ലാതായത്. ഈ പ്രതിസന്ധിയാണ് ഇപ്പോൾ സബ്സിഡി നിർത്താൻ ധനവകുപ്പിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
മൂന്ന് വർഷത്തിനിടെ സബ്സിഡിയിനത്തിൽ ഹോട്ടലുകൾക്ക് നൽകിയത് നൂറ് കോടിയോളം രൂപയാണ്. 2019-20 ലെ സംസ്ഥാന ബജറ്റിലാണ് സർക്കാർ വിശപ്പു രഹിത കേരളം പദ്ധതി പ്രഖ്യാപിച്ച് ഇതിന്റെ നടത്തിപ്പ് സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനെ ഏൽപിച്ചത്. നിർധനരായവർക്ക് ഒരു നേരത്തേ ഭക്ഷണം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കുടുംബശ്രീ മിഷൻ വഴി ജനകീയ ഹോട്ടൽ സംവിധാനം ആരംഭിച്ചത്. ഊണൊന്നിന് സബ്സിഡിയായി പത്ത് രൂപ സർക്കാർ നൽകുന്നതോടൊപ്പം ഹോട്ടലിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി കുടുംബശ്രീ 50,000 രൂപ വായ്പയും നൽകി. നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങൾ കെട്ടിടങ്ങളും വെള്ളം വൈദ്യുതി അടക്കമുള്ള സംവിധാനങ്ങളും സൗജന്യമായി നൽകുന്നതോടൊപ്പം സിവിൽ സപ്ലൈസ് കോർപറേഷൻ കിലോക്ക് 10.90 രൂപ നിരക്കിൽ അരിയും നൽകുമെന്നായിരുന്നു സർക്കാർ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.