കൊച്ചി: ദേശീയ പാതയിൽ ഇടപ്പള്ളി മുതൽ അരൂർ വരെ ആകാശപ്പാത നിർമിക്കുന്നതിനു വേണ്ട പ്രാരംഭ നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി വിശദ പദ്ധതി രേഖയും (ഡി.പി.ആർ) സാധ്യതാ റിപ്പോർട്ടും തയാറാക്കാൻ വേണ്ട വിവരശേഖരണം നടത്തി. ഒബ്റോൺ മാളിന് മുന്നിൽ നിന്നും ചുറ്റുവട്ടത്ത് നിന്നുമാണ് വിവരശേഖരണം നടത്തിയത്, ദേശീയ പാത അതോറിറ്റിയുടെ പദ്ധതി നിർവഹണ യൂനിറ്റ് ഡയറക്ടർ പി. പ്രദീപ്, എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ, വിശദപദ്ധതി രേഖയും സാധ്യത റിപ്പോർട്ടും തയാറാക്കാൻ ചുമതലപ്പെടുത്തപ്പെട്ട ഹൈവേ എൻജിനീയറിങ് കൺസൾട്ടൻറ്സ് പ്രതിനിധികൾ എന്നിവരാണ് വിവിധ പഠനവിലയിരുത്തൽ പ്രവർത്തനങ്ങൾക്കായി എത്തിയത്. ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
ദേശീയപാത അതോറിറ്റിയുടെ സാങ്കേതിക വിഭാഗം ജനറൽ മാനേജർ രജനീഷ് കപൂർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള ആറ് ലെയ്നിൽ എലിവേറ്റഡ് കോറിഡോർ നിർമിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. സമ്പൂർണ വിവരശേഖരണം ലക്ഷ്യമിട്ടുള്ള സാറ്റലൈറ്റ് ടോപോഗ്രഫി ഡ്രോൺ സർവേകൾ ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് ദേശീയ പാത അതോറിറ്റിയുടെ പദ്ധതി നിർവഹണ യൂനിറ്റ് ഡയറക്ടർ പി. പ്രദീപ് അറിയിച്ചതായി ഹൈബി ഈഡൻ എം.പി വ്യക്തമാക്കി. മൂന്നു മാസം കൊണ്ട് വിശദ പദ്ധതി രേഖ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചു. പരമാവധി കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്താൻ വേണ്ട ഇടപെടലുകളാണ് ആവശ്യമെന്ന് ദേശീയപാത അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ പറഞ്ഞു.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എൻ.എച്ച് 66 വികസന പുനർനിർമാണ പ്രവർത്തനങ്ങളിൽ ഏറെ ആശങ്കകൾ നിലനിന്നിരുന്ന ഭാഗമാണ് ഇടപ്പള്ളി മുതൽ അരൂർ വരെയുള്ളത്. നിലവിലുള്ള നാലുവരിപ്പാതയെ ആറു വരിയാക്കി മാറ്റുകയോ അല്ലെങ്കിൽ ആകാശപ്പാത പണിയുകയോ ആയിരിക്കും ഇവിടെ ചെയ്യുക എന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ടായിരുന്നു.
ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തി വരികയായിരുന്നുവെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.
പ്രതികൂലമായ ഉദ്യോഗസ്ഥ തല റിപ്പോർട്ടുകളും ഇക്കാര്യത്തിലെ നിരാശാജനകമായ പുരോഗതിയില്ലായ്മയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ സന്ദർശിച്ച് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇടപ്പള്ളി മുതൽ അരൂർ വരെ ആകാശപ്പാത നിർമിക്കാനുള്ള പഠന വിലയിരുത്തൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഹന സാന്ദ്രതയും ഗതാഗതക്കുരുക്കുമുള്ള ഈ പ്രദേശത്തെ പ്രത്യേക വികസനം അർഹിക്കുന്ന നഗരഭാഗം എന്ന നിലയിൽ പരിഗണിക്കുമെന്നും ഡി.പി.ആർ തയാറാക്കൽ വൈകാതെ തന്നെ ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നേരത്തേ ഉറപ്പ് നൽകിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എൻ.എച്ച്.എ.ഐ റീജനൽ ഓഫിസർ ബി.എൽ. മീണക്ക് മന്ത്രി നിതിൻ ഗഡ്കരി ഈ ഭാഗത്തിന് പ്രത്യേക മുൻഗണന നൽകാൻ ടെലിഫോണിലൂടെ നിർദേശം നൽകുകയും ചെയ്തു. ഇതിനെത്തുടർന്നാണ് മന്ദഗതിയിലായിരുന്ന നടപടികൾ ഊർജിതമായതെന്ന് ഹൈബി ഈഡൻ എം.പി കൂട്ടിച്ചേർത്തു.
ദേശീയപാതയുടെ ഇടപ്പള്ളി-വൈറ്റില-അരൂർ ഭാഗം, നിരവധി വാണിജ്യ സമുച്ചയങ്ങൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള മറ്റു വൻ നിർമിതികൾ എന്നിവ തിങ്ങി നിറഞ്ഞതാണ്. ഇവിടെ വീതി കൂട്ടുന്നത് അപ്രായോഗികമാണെന്നും വലിയ ഒരു പരിധി വരെ അസാധ്യമാണെന്നതും മനസ്സിലാക്കിയാണ് താരതമ്യേന എളുപ്പത്തിൽ നിർവഹണം പൂർത്തിയാക്കാൻ കഴിയുന്ന ഉയരപ്പാത / ആകാശപ്പാത എന്ന ആശയത്തിൽ ആദ്യം മുതലേ അടിയുറച്ചു നിൽക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ആകാശപ്പാതയുടെ നിർമാണം ചെലവേറിയതാണെങ്കിലും ദേശീയ പാതയുടെ ഈ ഭാഗം വീതി കൂട്ടാൻ പദ്ധതിയിട്ടാൽ വൻ സാമ്പത്തിക ചെലവ് വേണ്ടിവരും. എന്നാൽ, ആകാശപ്പാതയുടെ നിർമാണത്തിൽ ഭൂമി ഏറ്റെടുക്കലിന്റെ നൂലാമാലകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അര മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലത്തെത്താൻ രണ്ടോ മൂന്നോ മണിക്കൂർ തികയാത്ത ദയനീയ സ്ഥിതിയാണ് നിലവിൽ ഈ ഭാഗത്തുള്ളത്. കൊച്ചി നഗരത്തിലൂടെ കടന്നുപോകുന്ന 16 കിലോമീറ്റർ ദൂരം വരുന്ന ഇടപ്പള്ളി-അരൂർ പാതയിൽ ദിവസേന ഏകദേശം ഒരു ലക്ഷം പാസഞ്ചർ കാർ യൂനിറ്റുകൾ കടന്നു പോകുന്നതായി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ദുസ്സഹമായ ഗതാഗതക്കുരുക്കാണ് പ്രദേശത്തുള്ളത്. കേരളത്തിൽ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളായി കണക്കാക്കപ്പെടുന്ന വൈറ്റില, പാലാരിവട്ടം, കുണ്ടന്നൂർ എന്നിവ ഈ റോഡിന്റെ ഭാഗമാണ്, അതു പോലെ ഈ ദേശീയപാത ഭാഗത്തേക്ക് ബന്ധിപ്പിക്കപ്പെടുന്ന മറ്റു പ്രധാന റോഡുകൾ നിരവധിയുണ്ട്. ഇക്കാര്യങ്ങൾ ഹൈബി ഈഡൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരിയെ ബോധ്യപ്പെടുത്തിയിരുന്നു.
ഡി.പി.ആർ, സാധ്യതാ റിപ്പോർട്ട് എന്നിവ പരിഗണിച്ചായിരിക്കും തുടർ വികസനപ്രവർത്തനങ്ങൾ നടക്കുക.
അങ്കമാലി - കുണ്ടന്നൂർ ദേശീയ പാത, കൊച്ചി-തേനി ദേശീയ പാത, വില്ലിങ്ടൺ ദേശീയ പാത എന്നിവയുമായി സമ്പർക്കം വരുന്ന ഭാഗമെന്ന നിലയിൽ കൂടി ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള ദേശീയപാത ഭാഗത്തിന് പ്രത്യേക പ്രസക്തിയുണ്ട്.
ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിൽ നിലവിലുള്ള മേൽപാലങ്ങൾ കൂടി പരിഗണിച്ചുള്ള പുതിയ ആകാശപ്പാതക്കുള്ള വിശദ പദ്ധതി രേഖയും സാദ്ധ്യതാ റിപ്പോർട്ടും തയാറാക്കാനാണ് സാങ്കേതിക വിദഗ്ധർ ശ്രമിക്കുന്നത്. കൊച്ചി മെട്രോ ക്രോസ് ചെയ്യുന്ന ദേശീയ പാത ഭാഗങ്ങൾക്ക് വേണ്ട പ്രത്യേക തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും സംബന്ധിച്ചും പഠനത്തിൽ പ്രാമുഖ്യം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.