കൊച്ചി: കൊച്ചി നഗരസഭ വിദ്യാഭ്യാസ -സ്പോർട്സ് സ്ഥിരം സമിതി അധ്യക്ഷനായി സി.പി.എം കൗൺസിലർ വി.എ. ശ്രീജിതിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തു. ശ്രീജിതിന്റെ സ്വന്തം വോട്ട് അസാധുവാണെന്ന് വിലയിരുത്തി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ശ്രീജിത് നൽകിയ അപ്പീൽ ഹരജി ഫയലിൽ സ്വീകരിച്ചാണ് ചീഫ് ജസ്റ്റിസ് എ. ജെ ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കോടതിയിൽ ഹാജരാക്കിയ ബാലറ്റ് പേപ്പറുകൾ ഡിവിഷൻ ബെഞ്ച് പരിശോധിച്ചിരുന്നു. ബാലറ്റ് പേപ്പറുകൾ മുദ്രവെച്ച കവറിൽ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകിയിട്ടുണ്ട്.
നിയമം അനുശാസിക്കുന്ന രീതിയിലല്ല ശ്രീജിത്ത് വോട്ട് ചെയ്തതതെന്നും അത് അസാധുവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലറും തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥിയുമായ ബാസ്റ്റിൻ ബാബു നൽകിയ ഹരജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ചട്ടപ്രകാരം ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരിനു നേരെ ഗുണന ചിഹ്നമാണ് ഇടേണ്ടത്. മേയ് ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ ഒമ്പത് സ്ഥിരം സമിതി അംഗങ്ങളിൽ ഒരാൾ വിട്ടുനിന്നു.
ശേഷിക്കുന്ന എട്ടിൽ ഒരു വോട്ട് അസാധുവായതോടെ പോൾ ചെയ്ത ആകെ വോട്ടുകൾ ഏഴായി. ഇതിൽ നാല് വോട്ട് ലഭിച്ചതോടെ ശ്രീജിതിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ബാസ്റ്റിൻ ബാബുവിന്റെ പേരിനു നേരെ ആദ്യം ഗുണന ചിഹ്നം രേഖപ്പെടുത്തി പിന്നീട് അതു വെട്ടിത്തിരുത്തിയ ശേഷമാണ് വി.എ. ശ്രീജിത്തിന്റെ പേരിനു നേരെ അടയാളപ്പെടുത്തിയതെന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.