മട്ടാഞ്ചേരി: രാവിനെ പകലാക്കി കൊച്ചിയിലെ പെരുന്നാൾരാവ് ആഘോഷം. കൊച്ചിക്കാർക്ക് പെരുന്നാൾരാവ് ഒരു ആഘോഷം തന്നെയാണ്. ദൂരസ്ഥലങ്ങളിൽ നിന്നുവരെ നിരവധി കച്ചവടക്കാരാണ് ഇത്തവണയും പെരുന്നാൾ സ്പെഷൽ കച്ചവടത്തിനെത്തിയത്. നാട്ടുകാരായ ചില യുവാക്കളും സ്പെഷൽ കച്ചവടത്തിനിറങ്ങി. കൊച്ചിയിലെ പെരുന്നാൾ ആഘോഷത്തിന്റെ പെരുമയറിഞ്ഞ് ദൂരസ്ഥലങ്ങളിൽനിന്നും ആളുകൾ കൊച്ചിയിലെത്തിയിരുന്നു. കൊച്ചിയിൽ പെരുന്നാൾരാവ് ആഘോഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് മട്ടാഞ്ചേരി അമ്മായിമുക്ക്.
ഇവിടെ ദിവസങ്ങൾക്ക് മുമ്പ് കച്ചവടക്കാരെത്തി ചെറിയ ടെൻറുകൾ കെട്ടി വ്യാപാരം തുടങ്ങിയിരുന്നു. ദീപാലങ്കാരത്താൽ പ്രകാശപൂരിതമായിരുന്നു അമ്മായിമുക്ക്. വലിയ രീതിയിലുള്ള ജനസഞ്ചയമായിരുന്നു ഒഴുകിയെത്തിയത്. മൈലാഞ്ചി മൊഞ്ചണിഞ്ഞാണ് അമ്മായിമുക്ക് ആളുകളെ മാടിവിളിച്ചത്. പെരുന്നാൾരാവ് ദിനത്തിൽ ബിരിയാണി, ഇറച്ചിച്ചോറ് ഉൾപ്പെടെയുള്ള ഭക്ഷണ വിഭവങ്ങളും തെരുവിൽ വിൽപനക്കായി എത്തി. പ്രദേശവാസികളുടെ വരുമാന സ്രോതസ്സുകൂടിയാണ് ഇത്തരം കച്ചവടങ്ങൾ. പെരുന്നാൾ ദിനത്തിൽ പള്ളിയിൽ പോയി നമസ്കാരത്തിന് ശേഷം ബന്ധുഭവനങ്ങളിൽ സന്ദർശനം നടത്തുകയാണ് കൊച്ചിക്കാരുടെ രീതി. അതുകൊണ്ടുതന്നെ പെരുന്നാൾരാവ് ദിനത്തിൽ കുട്ടികൾക്കായി പലതും വാങ്ങുന്നത് നാനാമത വിഭാഗത്തിൽപെട്ടവരുടെ രീതിയാണ്.
അമ്മായിമുക്കിന് പുറമെ മറ്റ് കേന്ദ്രങ്ങളായ പാലസ് റോഡ്, പുതിയ റോഡ്, കുന്നുംപുറം, തങ്ങൾ നഗർ എന്നിവടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുലരുവോളം കച്ചവടം പൊടിപൊടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.