കരിമുകൾ: ഫിലിപ്സ് കാർബൺ കമ്പനിയുടെ മലിനീകരണവും ബ്രഹ്മപുരം കരമാലിന്യ പ്ലാന്റിലെ ദുർഗന്ധവും ഈച്ചശല്യവും തീപിടിത്തം മൂലം ഉണ്ടാകുന്ന പുകയും കരിമുകൾ, പിണർമുണ്ട, ബ്രഹ്മപുരം നിവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. 39 വർഷമായി കരിമുകൾ നിവാസികൾ കാർബൺ കമ്പനിയുടെ മലിനീകരണം മൂലം ദുരിതം അനുഭവിക്കുകയാണ്. 1984ൽ ആരംഭിച്ച കമ്പനിക്കെതിരെ അന്നുമുതൽ സമരവും ആരംഭിച്ചിരുന്നു. 2001ൽ പരിസരങ്ങളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ 62 ശതമാനം പേരും അർബുദമോ ശ്വാസകോശ രോഗങ്ങളോ മൂലം മരണപ്പെടുന്നു എന്ന് കണ്ടെത്തിയിരുന്നു.
ഇതിൽ 10 ശതമാനം പേർ 30 വയസ്സിന് താഴെയുള്ളവരാണ്. 34 ശതമാനം പേർ 30നും 60നും ഇടക്കും 56 ശതമാനം പേർ 60ന് മുകളിലുള്ളവരാണെന്നും കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നാട്ടുകാർ ഡോ. നന്ദകുമാറിന്റെ നേതൃത്വത്തിൽ സമരവുമായി രംഗത്ത് വരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി കോർപറേഷൻ ഒരു മാനദണ്ഡവും പാലിക്കാതെ 104 ഏക്കർ വരുന്ന സ്ഥലത്ത് മാലിന്യപ്ലാന്റ് എന്ന പേരിൽ ലക്ഷക്കണക്കിന് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തള്ളുന്നത്. ശക്തമായ ദുർഗന്ധവും ഈച്ചശല്യവും മൂലം ജനങ്ങൾ ദുരിതം പേറുന്നതിനിടയാണ് ഇടക്കിടെ ഉണ്ടാകുന്ന തീപിടിത്തം മൂലം ഉണ്ടാകുന്ന പുകയും പൊടിയും.
20 കോടി മുടക്കി നിർമിച്ച മാലിന്യ പ്ലാന്റ് ഉദ്ഘാടനദിവസം തന്നെ നിശ്ചലമായിരുന്നു. അന്ന് മുതൽ ഇവിടെ മാലിന്യം കുന്നുകൂട്ടുകയാണ്. പ്ലാന്റിൽനിന്നുള്ള മലിനജലം കടമ്പ്രയാറിലേക്കാണ് ഒഴുകുന്നത്. പകർച്ചവ്യാധികൾ വ്യാപിക്കുമ്പോൾ വടവുകോട്, പുത്തൻകുരിശ് പഞ്ചായത്തിലെയും കുന്നത്തുനാട്ടിലെയും ജനങ്ങൾ ഭീതിയിലാണ്. നേരത്തേ പ്ലാന്റ് സന്ദർശിച്ച നിയമസഭ പരിസ്ഥിതി കമ്മിറ്റിയും ഓംബുഡ്സ്മാനും നിർമാണത്തിൽ ഉൾപ്പെടെ അപാകത കണ്ടെത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പുതിയ പ്ലാന്റ് നിർമിക്കുമെന്ന പ്രഖ്യാപനം പലതവണ കേട്ടെങ്കിലും ഒന്നും നടന്നില്ല. പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ വീണ്ടും എത്തിക്കുന്നത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.