കൊച്ചി: ഇനി ഏഴു നാൾ മാത്രം, കൃത്യം എട്ടാം നാൾ രാജ്യത്തിന്റെ ജനാധിപത്യ ഉത്സവത്തിൽ ഈ നാടും വിധിയെഴുതും. തെരഞ്ഞെടുപ്പെന്ന മഹാ അങ്കത്തിൽ മാറ്റുരച്ച് വിജയം കൊയ്യാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികളെല്ലാം. ഒരു വശത്ത് മുന്നണികളും പാർട്ടികളും സ്ഥാനാർഥികളും ചേർന്ന് വിജയക്കൊടി പാറിക്കാനുള്ള നെട്ടോട്ടത്തിലാണ്. മറുവശത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധികൃതരും ഒരുക്കങ്ങളുടെ ഭാഗമായി ഓടിക്കൊണ്ടിരിക്കുന്നു. ഉള്ളിൽ നിറയെ പ്രതീക്ഷകളും ആശങ്കകളുമായാണ് സ്ഥാനാർഥികളുടെ ഓട്ടമെങ്കിൽ എല്ലാം ഭംഗിയായി കഴിയണേ എന്ന പ്രാർഥനയാണ് ഉദ്യോഗസ്ഥർക്കുള്ളത്.
വിധിനിർണയ ദിനത്തിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെല്ലാം അരയും തലയും മുറുക്കിയുള്ള വോട്ടോട്ടത്തിലാണ്. വിശാലമായ പാർലമെൻറ് മണ്ഡലത്തിലൊന്നാകെയുള്ള ആദ്യഘട്ട പര്യടനം പൂർത്തിയാക്കി, അടുത്ത ഘട്ടത്തിലുള്ള യാത്രകളിലാണ് സ്ഥാനാർഥികളെല്ലാം. പ്രധാനപ്പെട്ട മേഖലകളിലും സ്ഥാപനങ്ങളിലും പ്രദേശങ്ങളിലുമെല്ലാം എത്തി വോട്ടുറപ്പിച്ചാണ് രണ്ടാംഘട്ട പര്യടനം മുന്നേറുന്നത്. ആദ്യതവണ മറന്നുപോയതോ വിട്ടുപോയതോ ആയ വോട്ടുപിടുത്തങ്ങളെല്ലാം ഈ ഘട്ടത്തിൽ നടക്കും.
സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളും നാടെങ്ങുമെത്തിയുള്ള പ്രചാരണം നടത്തുമ്പോൾ ജനകീയ നേതാക്കളുടെ ആവേശ പ്രസംഗങ്ങൾ, ചെറിയ കുടുംബസംഗമങ്ങൾ, സ്വീകരണ പരിപാടികൾ, മുന്നണിക്ക് കീഴിലെ വിവിധ പാർട്ടികളുടെയും തൊഴിലാളി സംഘടനകളുടെയുമെല്ലാം കൺവെൻഷനുകൾ തുടങ്ങിയവയെല്ലാം ചൂടുപിടിച്ച് നടക്കുകയാണ്. നേരിട്ടുള്ള പ്രചാരണങ്ങൾ കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയും വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയുമുള്ള വോട്ടുതേടലും തകൃതിയായി നടക്കുന്നു.
യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡനു വേണ്ടി ദിവസങ്ങൾക്കുമുമ്പ് കോൺഗ്രസിന്റെ കരുത്തുറ്റ നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ എത്തിയിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈനിന്റെ പ്രചാരണാർഥം സി.പി.എം പി.ബി. അംഗം സുഭാഷിണി അലി വ്യാഴാഴ്ചയുണ്ടായിരുന്നു. ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും എത്തി. വെള്ളിയാഴ്ച വൃന്ദ കാരാട്ടാണ് ഷൈനിനായി വോട്ടുതേടി മണ്ഡലത്തിലിറങ്ങുക. എൻ.ഡി.എ സ്ഥാനാർഥി ഡോ.കെ.എസ്. രാധാകൃഷ്ണന് വേണ്ടിയും ദേശീയ നേതാക്കൾ എത്തുന്നുണ്ട്.
എറണാകുളം ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധന നടത്തി. ചെലവ് നിരീക്ഷകൻ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസ് മീറ്റിങ് ഹാളിൽ നടന്ന പരിശോധനയില്‍ സ്ഥാനാർഥികളുടെ ഏജന്റുമാരും പ്രതിനിധികളും പങ്കെടുത്തു. എല്ലാ ചെലവുകളും കണക്കിൽ ഉൾപ്പെടുത്തണമെന്നും കൃത്യമായ രീതിയിൽ ഫണ്ട് ക്രമീകരണം നടത്തണമെന്നും നിരീക്ഷകൻ ഏജന്റുമാർക്കും പ്രതിനിധികൾക്കും നിർദേശം നൽകി. മൂന്ന് ഘട്ടമായാണ് പരിശോധന. ആദ്യഘട്ടം പരിശോധന ഏപ്രിൽ 12ന് നടത്തി. ഇനിയുള്ളത് 23ന് നടത്തും. സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് മുതൽ ഏപ്രിൽ 15 വരെയുള്ള കണക്കുകളാണ് രണ്ടാംഘട്ടത്തിൽ പരിശോധിച്ചത്. ചെലവ് നിരീക്ഷക വിഭാഗം നോഡല്‍ ഓഫിസർ വി.എൻ. ഗായത്രി, അസി. നോഡൽ ഓഫിസർ ആർ. വിനീത് എന്നിവരടങ്ങിയ സംഘം മുഖ്യ നിരീക്ഷകനൊപ്പം പരിശോധനയിൽ പങ്കെടുത്തു.
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അവശ്യസര്വിസിലെ ആബ്സെന്റി വോട്ടര്‍മാര്‍ക്ക് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വോട്ട് ചെയ്യാം. എറണാകുളം, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളിൽ വോട്ടുള്ള, ഏപ്രിൽ ഒന്നിന് മുമ്പായി നോഡൽ ഓഫിസർ മുഖേന 12 ഡി അപേക്ഷ സമർപ്പിച്ചവർക്കാണ് ഈ ദിവസങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ അവസരം. എറണാകുളം മണ്ഡലത്തിലെ പോസ്റ്റൽ വോട്ടിങ് സെൻറർ കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളും ചാലക്കുടി മണ്ഡലത്തിലെ പോസ്റ്റൽ വോട്ടിങ് സെൻറർ ആലുവ സെൻറ് സേവിയേഴ്സ് കോളേജുമാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെയാണ് വോട്ടിങ് സമയം. വോട്ട് ചെയ്യാൻ എത്തുന്നവർ നിർബന്ധമായും തിരിച്ചറിയൽ രേഖ കൊണ്ടുവരേണ്ടതാണ്. ഭിന്നശേഷിക്കാര്‍, 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര് എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്സന്റീ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള വീടുകളിൽ വോട്ട് സംവിധാനം നടന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.