കൊച്ചി: മലങ്കര സഭ തർക്കത്തിൽ പള്ളികളിൽ സംഘർഷം രൂക്ഷമാകുമ്പോഴും സുപ്രീംകോടതിയിൽ തീർപ്പാകാതെ രണ്ട് കോടതിയലക്ഷ്യ ഹരജികൾ. സർക്കാറിനെയും യാക്കോബായ സഭയെയും പ്രതികളാക്കി ഓർത്തഡോക്സ് വിഭാഗവും ഓർത്തഡോക്സ് സഭയെയും സംസ്ഥാന സർക്കാറിനെയും പ്രതികളാക്കി മൂന്ന് യാക്കോബായ വിശ്വാസികളും നൽകിയ കോടതിയലക്ഷ്യ ഹരജികളാണ് നാലുവർഷം പിന്നിടുമ്പോഴും തീർപ്പാകാത്തത്.
2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി നടപ്പാക്കാതെ സർക്കാറും യാക്കോബായ സഭയും അട്ടിമറിക്കുകയാണെന്നും കാണിച്ച് ഫാ. വിജു ഏലിയാസാണ് കോടതിയലക്ഷ്യ ഹരജി നൽകിയത്. 2019 ആഗസ്റ്റ് 28ന് നൽകിയ ഹരജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയടക്കമുള്ള യാക്കോബായ പുരോഹിതരുമാണ് എതിർകക്ഷികൾ. ഇതിനുശേഷമാണ് സുപ്രീംകോടതി വിധി ലംഘിക്കുന്നത് ഓർത്തഡോക്സ് വിഭാഗമാണെന്നും ഇവർക്ക് പള്ളികൾ പിടിച്ച് നൽകാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും കാണിച്ച് യാക്കോബായ വിശ്വാസികളായ പോൾ വർഗീസ്, ജോണി, മനോലിൻ കുഞ്ഞച്ചൻ എന്നിവർ 2020 ജനുവരി 22ന് മറ്റൊരു കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തത്. ഈ കേസിൽ ചീഫ് സെക്രട്ടറിയടക്കമുള്ളവരും ഓർത്തഡോക്സ് വിഭാഗം കാതോലിക്ക ബാവ, മെത്രാപ്പോലീത്തമാരായ തോമസ് മാർ അത്തനാസിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ് എന്നിവരും ഇവരോടൊപ്പമുള്ള 21 വൈദികരുമാണ് എതിർകക്ഷികൾ. രണ്ട് കേസുകളും സമാന സ്വഭാവമുള്ളതിനാൽ ഒരുമിച്ചാണ് കോടതിയിൽ വാദം നടക്കുന്നത്.
നാലുവർഷത്തിനുള്ളിൽ 20ലധികം തവണ മാറ്റിവെച്ച കേസ് ഈ മാസം 20നാണ് വീണ്ടും പരിഗണിക്കുന്നത്. രണ്ട് കേസുകളും സംസ്ഥാന സർക്കാറിനെ സംബന്ധിച്ച് തലവേദനയുമാണ്. ഇതിൽ ആർക്കെതിരെ നിലപാടെടുത്താലും സർക്കാർ പ്രതിക്കൂട്ടിലാകും. ഇതിനിടെയാണ് ഹൈകോടതി നിർദേശപ്രകാരം വീണ്ടും ആറ് പള്ളികളിൽ വിധി നടത്തിപ്പിനായി ഓർത്തഡോക്സ് വിഭാഗം നീക്കമാരംഭിച്ചത്. ഇതേച്ചൊല്ലി ഓടക്കാലി, മഴുവന്നൂർ, പുളിന്താനം പള്ളികളിൽ ദിവസങ്ങളായി സംഘർഷാവസ്ഥയാണ്. കോടതി വിധിയനുസരിച്ച് പൊലീസെത്തിയെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെതുടർന്ന് വിധി നടത്താനാകാതെ പിന്തിരിയുകയായിരുന്നു.
ഇതേസമയം സുപ്രീംകോടതിയിൽ നിലവിലിരിക്കുന്ന കോടതിയലക്ഷ്യ ഹരജിയുടെ കാര്യം ബന്ധപ്പെട്ടവരാരും ഹൈകോടതിയിൽ ചൂണ്ടിക്കാണിച്ചില്ലെന്നാണ് വിവരം. സഭ തർക്കത്തിന്റെ പേരിൽ രണ്ട് സഭകളും സംസ്ഥാന സർക്കാറും വിശ്വാസികളെ കബളിപ്പിക്കുകയാണെന്ന് സുപ്രീംകോടതിയിലെ ഹരജിക്കാരിലൊരാളായ പോൾ വർഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിധിയിൽ പറയാത്ത കാര്യങ്ങളാണ് ഓർത്തഡോക്സ് സഭക്ക് സർക്കാർ നടപ്പാക്കികൊടുക്കുന്നത്.
എന്നാൽ, ഇത് ചൂണ്ടിക്കാണിക്കാനോ നിയമനടപടികൾ നടത്താനോ യാക്കോബായ വിഭാഗം തയാറാകുന്നില്ല. സുപ്രീംകോടതിയിൽ തങ്ങളുടെ ഹരജി വരുമ്പോൾ രണ്ട് സഭകളും സർക്കാറും ഒരുമിച്ചുനിന്നാണ് നിരന്തരം മാറ്റിവെപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.