കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലെത്തുന്ന നവകേരള സദസ്സിന്റെ മുഖ്യ സംഘാടകരിലൊന്നാണ് കുടുംബശ്രീ. ആളെക്കൂട്ടൽ, പ്രചാരണം, ഏകോപനം, ഫണ്ട് ശേഖരണം തുടങ്ങി വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുമായി കുടുംബശ്രീ ഉദ്യോഗസ്ഥരും ചുമതലക്കാരും ദിവസങ്ങളായി നെട്ടോട്ടത്തിലാണ്. വാർഡ്തലം വരെ കൃത്യമായ ശൃംഖലയുള്ള സർക്കാർ സംവിധാനം എന്ന നിലയിൽ പരിപാടിക്കായി കുടുംബശ്രീയെ പരമാവധി ഉപയോഗപ്പെടുത്താനാണ് സർക്കാർതല നിർദേശം.
ജില്ലയിൽ പരിപാടിക്ക് ഒരാഴ്ച മാത്രം ശേഷിക്കേ ഇവരുടെ ജോലിഭാരം ഇരട്ടിക്കുകയാണ്. സദസ്സുകളുടെ പ്രധാന ശ്രോതാക്കളിലൊരു വിഭാഗം അതത് പ്രദേശങ്ങളിലെ കുടുംബശ്രീയംഗങ്ങളായിരിക്കും. ഇതിനായി സി.ഡി.എസ് തലത്തിൽതന്നെ യോഗങ്ങൾ നടന്നുവരുകയാണ്.
മണ്ഡലംതല സദസ്സുകൾക്ക് പരമാവധി കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കാനാണ് നിർദേശം. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന തദേശ സ്ഥാപനങ്ങളിൽ അവർ നിസ്സഹകരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഇതിനായുള്ള ഏകോപനം നടത്തുന്നത്.
കുടുംബശ്രീയുടെ വിവിധ തലങ്ങളിലുള്ള കരാർ ജിവനക്കാരെയടക്കം ഉൾപ്പെടുത്തിയാണ് നിയമസഭ മണ്ഡലങ്ങളിൽ പ്രചാരണ പരിപാടികൾ പുരോഗമിക്കുന്നത്. ഇതോടൊപ്പം പരിപാടിക്കായുള്ള കൂപ്പൺ പിരിവുമുണ്ട്. 50 രൂപയുടെ 20 കൂപ്പണുകളാണ് വിറ്റഴിക്കുന്നത്.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും നിയമസഭ മണ്ഡലങ്ങളും ഭൂരിപക്ഷവും കോൺഗ്രസ് നിയന്ത്രണത്തിലായതിനാൽ ആളെക്കൂട്ടൽ കുടുംബശ്രീക്ക് വലിയ തലവേദനയുമാണ്.
വിവിധ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷനിൽ വരുന്നവരാണ് കുടുംബശ്രീയുടെ ജില്ല മിഷൻ കോഓഡിനേറ്ററും അസി. മിഷൻ കോഓഡിനേറ്റർമാരും. ഇവരോടൊപ്പം കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ജില്ലതല പ്രോഗ്രാം മാനേജർമാരും അടക്കമുള്ളവർ ആഴ്ചകളായി നവകേരള സദസ്സിന് പിന്നാലെയാണ്.
ഇതോടൊപ്പമാണ് കുടുംബശ്രീയുടെ ദേശീയ സരസ് മേളക്ക് ഡിസംബർ 21 മുതൽ ജനുവരി ഒന്നുവരെ കൊച്ചി ആതിഥേയത്വം വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രാദേശിക സംരംഭകരുടെ ഉൽപന്നങ്ങളും ഭക്ഷ്യ വൈവിധ്യങ്ങളും ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഉൽപന്ന പ്രദർശന വിപണന സംസ്കാരിക കലാമേളയുടെ സംഘാടനവും നവകേരള സദസ്സിൽ ‘മുങ്ങി’യിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.