കൊച്ചി: നഗരത്തിലെ തെരുവിൽ സങ്കടക്കാഴ്ചയായി അലയുന്ന കുരുന്നുകളെ നേരിട്ടെത്തി ഏറ്റെടുത്ത് കൊച്ചി സിറ്റി പൊലീസ്. ഭിക്ഷാടനത്തിലും ബാലവേലയിലും കുട്ടികൾ ഏർപ്പെടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മറൈൻഡ്രൈവ് മുതൽ എറണാകുളത്തപ്പൻ ഗ്രൗണ്ടുവരെ നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് കുട്ടികളെ പൊലീസ് ഏറ്റെടുത്തത്. അന്തർ സംസ്ഥാനക്കാരായ അഞ്ചും ആറും വയസ്സുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ, തൊഴിൽ വകുപ്പ്, ചൈൽഡ് ലൈൻ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന. മഫ്തിയിലാണ് പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോൾ കുട്ടികൾ മറൈൻഡ്രൈവിൽ ബലൂൺ വിൽപന നടത്തുകയായിരുന്നു. മാതാപിതാക്കൾ എവിടെയെന്ന് അന്വേഷിച്ചപ്പോൾ അടുത്ത് തന്നെയുണ്ടെന്നായിരുന്നു മറുപടി. അവർ പറഞ്ഞ സ്ഥലങ്ങളിലെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉദ്യോഗസ്ഥർ അടുത്തെത്തിയതോടെ കുട്ടികൾ അലറിക്കരയാൻ തുടങ്ങി. സ്നേഹത്തോടെ സംസാരിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കരച്ചിൽ തുടർന്നു. സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവിന്റെയും ഡി.സി.പി എസ്. ശശിധരന്റെയും നിർദേശപ്രകാരമായിരുന്നു നടപടി. കൂടുതൽ കുട്ടികൾ ഭിക്ഷാടനം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന തുടരന്വേഷണത്തിൽ മറ്റാരെയും കണ്ടെത്താനായില്ല.
ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാടോടികളായ മുതിർന്നവരെ അവരുടെ ഭാഷയിൽ തന്നെ ഉദ്യോഗസ്ഥർ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്തി. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. വൈകീട്ടോടെ കുട്ടികളെ തേടി രക്ഷിതാക്കളെന്ന് പറഞ്ഞ് രണ്ടുപേർ എത്തിയെങ്കിലും വിട്ടുനൽകിയില്ല. ഇവരുടെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കുന്നതടക്കം നടപടികളുണ്ടാകും. കുട്ടികളെ തെരുവിൽ അയച്ചതിന് ഇവരെ താക്കീത് ചെയ്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി വരുംദിവസങ്ങളിൽ വിഷയത്തിൽ തുടർനടപടി സ്വീകരിക്കും. നിരവധി അന്തർ സംസ്ഥാനക്കാരായ കുട്ടികളാണ് മറൈൻഡ്രൈവ്, എറണാകുളം മാർക്കറ്റ്, ബ്രോഡ്വേ തുടങ്ങിയ പ്രദേശങ്ങളിലൂടെ അലഞ്ഞുതിരിയുന്നത്. പ്രാഥമിക വിദ്യാഭ്യാസം, നല്ല ഭക്ഷണം, വസ്ത്രം എന്നിവയൊന്നും ഇവർക്ക് ലഭിക്കാറില്ല. പരിശോധന തുടരുമെന്ന് എറണാകുളം സെൻട്രൽ അസി. കമീഷണർ ജയകുമാർ ചന്ദ്രമോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.