കൊച്ചി: കോർപറേഷനിൽ സ്ട്രീറ്റ് വെണ്ടേഴ്സ് ആക്ട്-2014 നടപ്പാക്കുന്നതിെൻറ ഭാഗമായി ഹൈകോടതി രൂപവത്കരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശത്തെതുടർന്ന് പൊലീസ് സ്ക്വാഡുകൾ നിയമിച്ചു. സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവാണ് നാല് സ്ക്വാഡുകൾ നിയമിച്ചത്. കൊച്ചി നഗരത്തിൽ ലൈസൻസില്ലാതെ വഴിയോരക്കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള മൾട്ടി-ഏജൻസി എൻഫോഴ്സ്മെന്റ് സംഘത്തിലേക്കാണ് എട്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട സ്ക്വാഡുകളെ നിയമിച്ചത്. കോർപറേഷൻ ലൈസൻസിങ് മാനദണ്ഡങ്ങൾ നടപ്പാക്കുമ്പോഴും വഴിയോരത്തെ കച്ചവടം ഒഴിപ്പിക്കുമ്പോഴും കോർപറേഷൻ, സി.എസ്.എം.എൽ ഓഫിസർമാർക്ക് ഇവർ സംരക്ഷണം ഉറപ്പാക്കും. പൊലീസ് ഉദ്യോഗസ്ഥർ അവരുടെ അധികാര പരിധിയിലെ സ്റ്റേഷൻ ഹെഡ് ഓഫിസർക്ക് നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യും.
മട്ടാഞ്ചേരി സബ് ഡിവിഷൻ പരിധിയിലേക്ക് പള്ളുരുത്തി എസ്.ഐ വൈ. ദീപു, ട്രാഫിക് വെസ്റ്റ് എസ്.ഐ ഹംസ എന്നിവരെയാണ് നിയമിച്ചത്. മിന്നൽപരിശോധനകൾ നടത്തുന്ന സംഘത്തിലേക്ക് എളമക്കര എസ്.ഐ ബി. രാമു, ട്രാഫിക് ഈസ്റ്റ് എസ്.ഐ കെ.കെ. ബാബു എന്നിവരെയും എറണാകുളം സെൻട്രൽ സബ് ഡിവിഷൻ പരിധിയിലേക്ക് സെൻട്രൽ എസ്.ഐ പ്രേംകുമാർ, ട്രാഫിക് വെസ്റ്റ് എസ്.ഐ അജി ജേക്കബ് എന്നിവരെയും എറണാകുളം സബ് ഡിവിഷൻ പരിധിയിലേക്ക് സൗത്ത് എസ്.ഐ ജെ. അജേഷ്, ട്രാഫിക് വെസ്റ്റ് എസ്.ഐ നാസർ എന്നിവരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.