മൂവാറ്റുപുഴ: നെടുമല തകർക്കുന്ന പാറമട ലോബിക്കെതിരെ പ്രതിക്ഷേധം ശക്തമായി. മഞ്ഞള്ളൂർ പഞ്ചായത്തിലെ ചരിത്രാവശിഷ്ടങ്ങൾ ഏറെയുള്ള നെടുമലയിൽ ആരംഭിച്ച പാറമടക്കായി കദളിക്കാട് പിരളിമറ്റം ഭാഗത്ത് തണ്ണീർതടം നികത്തി അനധികൃതമായി റോഡ് നിർമിച്ചത് വിവാദമായിരുന്നു. തണ്ണീർത്തടവും റോഡും നികത്തുന്നത് എതിർത്ത നാട്ടുകാരെ കഴിഞ്ഞ ദിവസം പാറമട ലോബിയുടെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരു ഭാഗത്തു നിന്നുമായി എട്ടുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
തുടർന്ന് പോലീസിനൊപ്പം സ്ഥലത്തെത്തിയ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. ചരിത്രാവിശിഷ്ടങ്ങൾ ഏറെയുള്ള നെടുമലയിലെ പാറമടക്കെതിരെ നാളുകളായി നാട്ടുകാർ സമരത്തിലായിരുന്നു. ഇതിനിടെയാണ് ഇവിടേക്ക് വഴിയുണ്ടാക്കാൻ തണ്ണീർതടം നികത്തി വഴിയുണ്ടാക്കാൻ ശ്രമം നടന്നത്.
നെടുമല ശിലാസമുച്ചയത്തിൽ മൂന്ന് പ്രാചീന ഗുഹകൾ ആണുള്ളത്. ഇതിൽ ഒന്നിൽ നിന്ന് ശിലായുഗ മനുഷ്യരുടെ വെള്ളാരംകല്ല് കൊണ്ട് നിർമ്മിച്ച ആയുധങ്ങളും ശിലാചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നൂറു മീറ്ററിലേറെ ദൈർഘ്യമുള്ള പുരാതന ഗുഹയും ഇവിടെയുണ്ട്. ചരിത്രമുറങ്ങുന്ന നെടുമല ഗുഹകൾ പാറഖനനത്തിനായി തകർക്കാൻ ശ്രമിക്കുന്നതിനെതിരെ സംരക്ഷണ സമിതി സമരം തുടങ്ങിയിട്ട് വർഷങ്ങളായി. പ്രശ്ന പരിഹാരം ഉണ്ടാകുന്നതു വരെ സമരവുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.