കൊച്ചി: പ്രധാന കയറ്റുമതി വിപണികളിലെ കനത്ത പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ അളവിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. 2023-24 കാലയളവിൽ 60,523.89 കോടി രൂപ (738 കോടി ഡോളർ) മൂല്യമുള്ള 17,81,602 ടൺ സമുദ്രോൽപന്നം ഇന്ത്യ കയറ്റി അയച്ചു. ശീതീകരിച്ച ചെമ്മീൻ അളവിലും മൂല്യത്തിലും പ്രധാന കയറ്റുമതി ഇനമായി തുടരുകയും അമേരിക്കയും ചൈനയും പ്രധാന വിപണികൾ ആവുകയും ചെയ്തു.
കയറ്റുമതി അളവിലുണ്ടായ വർധന 2.67 ശതമാനമാണ്. 2022-23 സാമ്പത്തികവർഷം 63969.14 കോടി രൂപ (809 കോടി ഡോളർ) മൂല്യമുള്ള 17,35,286 ടൺ സമുദ്രോൽപന്നമാണ് കയറ്റുമതി ചെയ്തതെന്ന് മറൈൻ പ്രോഡക്ടസ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയർമാൻ ഡി.വി. സ്വാമി പറഞ്ഞു.
40,013.54 കോടി രൂപ നേടിയ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിലെ പ്രധാന ഇനമായി തുടർച്ചയായി ഒന്നാംസ്ഥാനം നിലനിർത്തി. മൊത്തം കയറ്റുമതിയുടെ 40.19 ശതമാനം അളവിലും 66.12 ശതമാനം മൂല്യത്തിലും തുല്യമാണിത്. ശീതീകരിച്ച ചെമ്മീൻ കയറ്റുമതി അളവിൽ 0.69 ശതമാനം വർധനവുണ്ടായി. 7,16,004 ടൺ ശീതീകരിച്ച ചെമ്മീൻ കയറ്റിയയച്ചു. ശീതീകരിച്ച ചെമ്മീനിന്റെ ഏറ്റവും വലിയ വിപണിയായ അമേരിക്ക 2,97,571 ടൺ ഇറക്കുമതി ചെയ്തപ്പോൾ ചൈന 1,48,483 ടണ്ണും യൂറോപ്പ് 89,697 ടണ്ണും തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 52,254 ടണ്ണും ജപ്പാൻ 35,906 ടണ്ണും മധ്യകിഴക്കൻ രാജ്യങ്ങൾ 28,571 ടണ്ണും ഇറക്കുമതി ചെയ്തു.
കാരച്ചെമ്മീൻ (ബ്ലാക്ക് ടൈഗർ) കയറ്റുമതി അളവ്, രൂപയിലെ മൂല്യം എന്നിവ യഥാക്രമം 24.91 ശതമാനവും 11.33 ശതമാനവും വർധിച്ചു. ആറ്റുകൊഞ്ചിന്റെ കയറ്റുമതിയിലും വർധനയുണ്ട്. വനാമി ചെമ്മീൻ കയറ്റുമതി കൂടിയെങ്കിലും മൂല്യത്തിൽ കുറവുണ്ടായി. ശീതീകരിച്ച മത്സ്യകയറ്റുമതി വഴി 5,509.69 കോടി രൂപ ലഭിച്ചു. മൂന്നാമത്തെ പ്രധാന കയറ്റുമതി ഇനമായ മത്സ്യ/ചെമ്മീൻ പൊടി, ഭക്ഷ്യയോഗ്യമല്ലാത്ത ഉണങ്ങിയ ഇനങ്ങൾ എന്നിവയുടെ കയറ്റുമതി വഴി 3684.79 കോടി രൂപ നേടി. ശീതീകരിച്ച കൂന്തൽ കയറ്റുമതി വഴി 3061.46 കോടി രൂപയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.