കൊച്ചി: കുതിപ്പ്, കിതപ്പ്, പ്രതീക്ഷ, നെടുവീർപ്പുകൾ, പൊട്ടിച്ചിരി, കണ്ണീർ... കൊച്ചി നഗരത്തിലെയും സമീപ പ്രദേശത്തെയും വിവിധ മൈതാനങ്ങൾ ഇനിയുള്ള ഒരാഴ്ചത്തെ രാപ്പകലുകളിൽ ആയിരക്കണക്കിന് കായിക കൗമാരങ്ങളുടെ ഭാവി സ്വപ്നങ്ങൾ നെയ്തെടുക്കുന്ന കളിത്തട്ടായി മാറും. തിങ്കളാഴ്ച ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനുപിന്നാലെ ചൊവ്വാഴ്ചയാണ് എറണാകുളം ജില്ലയിലെ വിവിധ കായിക മൈതാനങ്ങൾ സംസ്ഥാന സ്കൂൾ കായികമേളയിലെ വാശിയേറിയ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുക.
സകല ഒരുക്കങ്ങളും പൂർത്തിയാക്കി കായിക പ്രതിഭകളുടെ വരവും കാത്തിരിക്കുകയാണ് സംഘാടകരും ആതിഥേയരായ കൊച്ചി നഗരവും. തിങ്കളാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെയാണ് കായികമാമാങ്കം അരങ്ങേറുന്നത്.
ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനം കളർഫുൾ ആക്കാനാണ് തീരുമാനം. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക പരിപാടി നടൻ മമ്മൂട്ടിയും ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നിർവഹിക്കും.
വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി.ആർ ശ്രീജേഷും ചേർന്ന് ദീപശിഖ തെളിക്കുന്നതോടെ മേളക്ക് തുടക്കമാകും. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, വി. അബ്ദുറഹ്മാൻ, ആർ. ബിന്ദു, ജി.ആർ. അനിൽ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
തൃപ്പൂണിത്തുറ അത്തച്ചമയം, കൊച്ചിൻ കാർണിവൽ തുടങ്ങിയ കൊച്ചിയുടെ തനതായ സാംസ്കാരികാഘോഷങ്ങൾ കായികമേളയുടെ വരവറിയിച്ച് നഗരത്തിൽ നിറച്ചാർത്തൊരുക്കും. 3500 വിദ്യാർഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റ്, ജില്ലയിലെ 32 സ്കൂളിൽ നിന്നുള്ള 4,000 വിദ്യാർഥികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടി എന്നിവ ഉദ്ഘാടനത്തിന് മിഴിവേകും. ചടങ്ങിന് ശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. നേവൽ എൻ.സി.സി കാഡറ്റുകളുടെ ട്വന്റി ഫോർ കൊച്ചി ഫോർമേഷൻ, തുടർന്ന് ആയിരം പേരുടെ മാസ് ഡ്രിൽ, ആയിരം പേർ അണിനിരക്കുന്ന സൂംബ, അതിനുശേഷം ആയിരം പേർ അണിനിരക്കുന്ന ഫ്രീ ഹാൻഡ് എക്സർസൈസ് എന്നിവയാണ് പ്രധാനം.
ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ കായികമേള എന്നതിൽ തുടങ്ങി നിരവധി വ്യത്യസ്തതകൾ ഇത്തവണയുണ്ട്. അതിലൊന്ന് പൊതുവിഭാഗത്തിലെ മത്സരാർഥികളെ പോലെ ഭിന്നശേഷിക്കാരെയും ഇതാദ്യമായി കായികമേളയിൽ പങ്കെടുപ്പിക്കുന്നുവെന്നതാണ്.
‘ഇൻക്ലൂസിവ് സ്പോർട്സ്’ എന്ന പദ്ധതി പ്രകാരം തങ്ങളുടെ പരിമിതികൾ മാറ്റിവെച്ച് മാറ്റുരക്കാനെത്തുന്നത് 1500ലേറെ ഭിന്നശേഷിക്കാരായ കുട്ടികളാണ്. ഇവരെ കൂടാതെ ചരിത്രത്തിലാദ്യമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും കേരളത്തിൽ നടക്കുന്ന കായികമാമാങ്കത്തിൽ മത്സരിക്കാനെത്തും. യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 50ഓളം പേരാണ് കൊച്ചിയിലെത്തുന്നത്. മേളയിൽ കൂടുതൽ പോയന്റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിൽ എവർ റോളിങ് ട്രോഫി സമ്മാനിക്കുന്നുവെന്നതും ഈ മേളയുടെ സവിശേഷതയാണ്.
സവിശേഷ പരിഗണന അർഹിക്കുന്നർക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകി അവരെ മുന്നോട്ടുകൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യമായി ഇൻക്ലൂസീവ് ഇനങ്ങൾ ഉൾപ്പെടുത്തിയതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇൻക്ലൂസീവ് സ്പോർട്സ് ഒഫീഷ്യൽസിനുള്ള ഏകദിന ശിൽപശാല എസ്.ആർ.വി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും സഹപാഠികളായ മറ്റു കുട്ടികളെയും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കും വിധം എസ്.സി.ഇ.ആർ.ടിയും എസ്.എസ്.കെയും തയാറാക്കിയ ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിന്റെ അടിസ്ഥാനത്തിലാണ് വിവിധ അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ചിട്ടുള്ളത്.
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിവിധ ഇൻക്ലൂസീവ് കായിക ഇനങ്ങളിൽ ജില്ലതല പരിശീലനം ലഭിച്ച കുട്ടികളാണ് സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നത്. ഇവർക്ക് വേണ്ട ജഴ്സി, ട്രാക്ക് സ്യൂട്ട് തുടങ്ങിയവ പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ല പഞ്ചായത്ത്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അതത് ജില്ലകൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ജനറൽ എജുക്കേഷൻ അഡീഷനൽ ഡയറക്ടർ സി.എ. സന്തോഷ്, എസ്.എസ്.കെ അഡീഷനൽ പ്രൊജക്ട് ഡയറക്ടർ എം.കെ. ഷൈൻ മോൻ, ജനറൽ എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ. കുമാർ, സ്പോർട്സ് ഓർഗനൈസർ സി.എസ്. പ്രദീപ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ ടി.എൽ. രശ്മി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.